സംവിധായകന്‍ ശ്രീകുമാര്‍ മേനോനോട് ഇനി യാതൊരു വിധത്തിലും സഹകരിക്കില്ലെന്നാണ് എംടിയുടെ തീരുമാനമെന്ന് വെളിപ്പെടുത്തി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ശിവരാമകൃഷ്ണന്‍. ശ്രീകുമാര്‍ മേനോനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് എംടിയെ മാറ്റി ചിന്തിപ്പിച്ചത്. സംവിധായകനുമായി ഇനി മുന്നോട്ടുപോകാന്‍ കഥാകൃത്തിന് താല്‍പര്യമില്ല. കരാറുപ്രകാരമുള്ള സമയം കഴിഞ്ഞപ്പോള്‍ വക്കീല്‍ നോട്ടീസ് അയച്ചുവെങ്കിലുംസംവിധായകന്‍ മറുപടി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് എംടി പരാതി നല്‍കിയത്. രണ്ടാമൂഴം സിനിമയാക്കുകയെന്നതാണ് എംടിയുടെ ജീവിതാഭിലാഷമാണ്. അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ശിവരാമകൃഷ്ണന്‍ വ്യക്തമാക്കി.
ഒക്ടോബര്‍ 11 നാണ് ഇതിഹാസ നോവലായ ‘രണ്ടാമൂഴം’ അടിസ്ഥാനമാക്കിയുള്ള ബ്രഹ്മാണ്ഡ ചിത്രത്തില്‍നിന്ന് എം ടി വാസുദേവന്‍ നായര്‍ പിന്മാറുന്നതായി റിപ്പോട്ടുകള്‍ പുറത്തു വന്നത്. സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് എംടി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു.തുടര്‍ന്ന് തനിക്ക് മധ്യസ്ഥന്‍ വേണമെന്ന് ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഡിസംബര്‍ ഏഴിലേക്ക് മാറ്റുകയായിരുന്നു.
സിനിമയുടെ പ്രാരംഭ പ്രവൃത്തികള്‍ നടക്കുകയാണെന്നും കേസ് വേഗത്തില്‍ തീരണമെന്ന് ആഗ്രഹമുണ്ടെന്നും നിര്‍മ്മാണ കമ്പനി കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. കേസ് ഡിസംബര്‍ പരിഗണിക്കുന്നത് ഡിസംബര്‍ ഏഴിനാണെങ്കിലും ഇരുകക്ഷികളും ആവശ്യപ്പെട്ടാല്‍ കേസ് നേരത്തെ പരിഗണിക്കാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ തിരക്കഥ തിരികെ ആവശ്യപ്പെട്ട് കഴിഞ്ഞ പത്തിനാണ് എംടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്.
തിരക്കഥ സിനിമയാക്കുന്നതില്‍ നിന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും നിര്‍മ്മാണ കമ്പനിയായ എയര്‍ ആന്‍ഡ് എര്‍ത്ത് ഫിലിംസിനെയും താത്കാലികമായി കോടതി വിലക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംവിധായകന്‍ കോഴിക്കോട്ടെത്തി ചര്‍ച്ച നടത്തിയെങ്കിലും എം.ടിയുടെ നിലപാടില്‍ യാതൊരു അയവുമുണ്ടായില്ല. എന്നിരുന്നാലും രണ്ടാമൂഴം സിനിമയാകുമെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ രണ്ടാമൂഴത്തിന്റെ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.