കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ പങ്കെടുത്ത് എം.ടി. വാസുദേവൻ നായർ നടത്തിയ വിവാദ വിമർശനത്തിനു പിന്നിൽ ബാഹ്യ ഇടപെടൽ ഉ ണ്ടായില്ലെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട്. എംടിയുടെ പ്രസംഗം കഴിഞ്ഞയുടനെതന്നെ സംഭവം വിവാദമാകുമെന്നു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിനു റിപ്പോർട്ട് നൽകിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കിയത്.
ബാഹ്യ ഇടപെടൽ ഇല്ലെന്നും, മാത്രമല്ല പഴയ ലേഖനം എംടി ആവർത്തിക്കുകയാണ് ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് എഡിജിപി തലത്തിൽ പരിശോധിക്കുകയാണ്.
രഹസ്യാന്വേഷണ സംഘം ഇത്, സാധൂകരിക്കാൻ ലേഖനം പ്രസിദ്ധീകരിച്ച പഴയ പുസ്തകവും റിപ്പോർട്ടിനൊപ്പം സമർപ്പിച്ചതായാണ് അറിയുന്നത്. ജനുവരി 11ന് ലിറ്റററി ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നേതൃപൂജയെയും അധികാരത്തിലെ വഴിതെറ്റലിനെയും കുറിച്ച് എംടി പ്രസംഗിച്ചത്.
ഇതിനുപിന്നാലെ പ്രതിപക്ഷം സർക്കാരിനെതിരേ ശക്തമായ വിമര്‍ശനം ഉന്നയിച്ചു. തുടര്‍ന്ന് സാഹിത്യകാരന്മാര് ചേരിതിരിഞ്ഞ് എംടിയെ അനുകൂലിച്ചും എതിര്‍ത്തും രംഗത്തെത്തി.