തിരുവനന്തപുരം: മിത്ത് വിവാദത്തിൽ മുൻനിലപാടിൽ മലക്കം മറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഗണപതി മിത്താണ ് താൻ പറഞ്ഞിട്ടില്ല.
ഗണപതി മിത്താണെന്ന് സ്പീക്കർ എ.എൻ. ഷംസീറും പറഞ്ഞിട്ടില്ല. മറിച്ചുള്ളതെല്ലാം കള്ളപ്രചാരണങ്ങളാണ്. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണ്. പരശുരാമൻ മഴു എറിഞ്ഞുണ്ടായതാണ് കേരളമെന്നുള്ള പ്രചാരണം മിത്താണെന്നാണ് താൻ ഉദാഹരിച്ചത്.
സിപിഎം വർഗീയ പ്രചാരണം നടത്തുവെന്ന ആരോപണം അസംബന്ധമാണ്. സതീശന്റെ ഉള്ളിലെ വർഗീയ നിലപാടുകൾ അറിയാതെ പുറത്ത് വരികയാണ്. സതീശന്റെ മനസിനുള്ളിൽ വിചാരധാരയുമായി ബന്ധപ്പെട്ട ചിന്തകൾ അറിഞ്ഞോ അറിയാതെയോ ഉണ്ട്.
സിപിഎമ്മിന്റെ കൂറ് വിശ്വാസികളോടാണ്. നാമ ജപം നടത്തിയാലും ഇങ്ക്വിലാബ് വിളിച്ചാലും നിയമലംഘനം നടത്തിയാൽ കേസെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബിജെപി നേതാവ് കെ.സുരേന്ദ്രനും ഒരേ അഭിപ്രായമാണെന്നും അദ്ദേഹം വിമർശിച്ചു.
സിപിഎം യഥാർഥ വിശ്വാസികളോടൊപ്പമാണ്. ബിജെപി വിശ്വാസത്തിന്റെ പേരിൽ വർഗീയത പ്രചരിപ്പിക്കുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വിശ്വാസികൾക്ക് ഗണപതിയെയും അള്ളാഹുവിനെയും വിശ്വസിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മിത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണമാണ് എൻഎസ്എസ് കാക്കുന്നത്.
ഇന്നലെ തിരുവനന്തപുരത്ത് ശാസ്ത്രസാങ്കേതിക വിദ്യയെ കുറിച്ചുള്ള ഒരു പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രി വിഷയം പരാമർശിച്ചില്ല.
ആർഎസ്എസ്-വിഎച്ച്പി നേതാക്കൾ എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ട് പിന്തുണ അറിയിച്ചിട്ടുണ്ട്.