ജനങ്ങള് അംഗീകരിക്കാത്ത തെറ്റായ പ്രവണതകള് പാര്ട്ടിിയല് ഉണ്ടെന്നും ഇതൊന്നും പാര്ട്ടി വച്ചു പൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പറഞ്ഞു.
മദ്യപാനം, അനധികൃത സ്വത്ത് സമ്പാദനം എന്നിവക്കെതിരെയും നടപടികള് കര്ശനമാക്കാനാണ് പാര്ട്ടിയുടെ തീരുമാനം.
സംഘടനാ രംഗത്തെ അടിയന്തര കടമകള് എന്ന രേഖയാണ് സിപിഎം സംസ്ഥാന സമിതി ചര്ച്ചചെയ്ത് അംഗീകരിച്ചത്.
സമൂഹത്തിലെ അപചയം പാര്ട്ടിയെയും ബാധിക്കുന്നുവെന്ന് വീണ്ടും സിപിഎം വിലയിരുത്തുന്നു. ലഹരിവിരുദ്ധ ക്യാംപെയ്നില് പങ്കെടുത്തു മടങ്ങിയ എസ്എഫ്ഐ നേതാവിന്റെ മദ്യപാനവും യൂണിവേഴ്സിറ്റി കോളേജിലെ ലഹരി ഉപയോഗം സംബന്ധിച്ച പരാതികളും വാര്ത്തയായ പശ്ചാത്തലത്തില് കൂടിയാണ് സിപിഎം നടപടി.
നേതാക്കളുടെ അനധികൃത സ്വത്ത് സംമ്പാദനത്തിലും പരിശോധന ഉണ്ടാകും. പാര്ട്ടി പ്രവര്ത്തകര്ക്കും നേതാക്കള്ക്കും ഇടയില് മദ്യപാനശീലം വര്ദ്ധിക്കുന്നതായും സിപിഎം വിലയിരുത്തുന്നു.
താഴെത്തട്ടിലെ പ്രവര്ത്തകര് പോലും അനര്ഹമായി വലിയ രീതിയില് സ്വത്ത് സമ്പാദിക്കുന്നതായുള്ള പരാതികളും നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യങ്ങളിലാണ് പാര്ട്ടി ഇടപെടല് എന്നാല് സര്ക്കാരിന്റെയും മന്ത്രിമാരുടെയും പ്രവര്ത്തനങ്ങളെ സിപിഎം സംസ്ഥാന സെക്രട്ടറി അഭിനന്ദിച്ചു. നല്ല രീതിയിലാണ് മന്ത്രിമാരുടെ പ്രവര്ത്തനം എന്നും എം.വി ഗോവിന്ദന് പറഞ്ഞു.
കേരളത്തിലെ മുഴുവന് വീടുകളിലും സര്ക്കാരിനെക്കുറിച്ചുള്ള അഭിപ്രായം തേടി ക്യാംപയിന് നടത്തും. കേന്ദ്ര സര്ക്കാരിന്റെ ജനവിരുദ്ധ നിലപാടുകള് ജനങ്ങള്ക്കു മുമ്പില് അവതരിപ്പിക്കും.
ബഫര്സോണ് വിഷയത്തില് ജനങ്ങളെ സര്ക്കാരിനെതിരേ തിരിക്കാന് പ്രതിപക്ഷം ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് എം.വി.ഗോവിന്ദന് പറഞ്ഞു.
ബഫര്സോണ് വിഷയത്തില് സര്ക്കാരിനു തെറ്റുപറ്റിയിട്ടില്ലെന്നും അദ്ദേഹം വാര്ത്താസമ്മേളനത്തില് പറഞ്ഞു.