തിരുവനന്തപുരം: എം.വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. ആരോഗ്യപ്രശ്നങ്ങളെ തുടര്ന്ന് കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറി പദവിയില് നിന്ന് മാറിയ സാഹചര്യത്തിലാണ് മുതിര്ന്ന സിപിഎം നേതാവും മന്ത്രിയുമായി എം.വി ഗോവിന്ദന് ചുമതലയേല്ക്കുന്നത്.
ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്, എം.എ ബേബി, എ.വിജയരാഘവന്, ഇ.പി ജയരാജന് എന്നിവര് പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
കോടിയേരിക്ക് നിലവില് പാര്ട്ടി ചുമതല നിര്വഹിക്കാനാകാത്ത സാഹചര്യമാണുള്ളതെന്നും സിപിഎം വാര്ത്താക്കുറിപ്പില് അറിയിച്ചു.
എല്ലാവരെയും ചേര്ത്തുനിര്ത്തി മുന്നോട്ടുപോകുമെന്ന് എം.വി.ഗോവിന്ദന് പ്രതികരിച്ചു. മന്ത്രിസഭാ പുനഃസംഘടന ഉള്പ്പെടെയുള്ള കാര്യങ്ങള് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില് കേന്ദ്ര കമ്മിറ്റി അംഗമാണ് എം.വി. ഗോവിന്ദന്. സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറി, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, കര്ഷക തൊഴിലാളി യൂണിയന് ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാര് ടൂറിസം സൊസൈറ്റി ചെയര്മാന് എന്നീ ചുമതലകള് അദ്ദേഹം നിര്വഹിച്ചിരുന്നു.