പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്സന് മാവുങ്കല് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിക്കുമ്പോള്
കെപിസിസി പ്രസിഡന്റ് കെ സുധാകരന് അവിടെയുണ്ടായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.
തന്നെ പീഡിപ്പിക്കുമ്പോള് സുധാകരന് ആ വീട്ടില് ഉണ്ടായിരുന്നെന്ന് പെണ്കുട്ടി മൊഴി നല്കിയിട്ടുണ്ട്.
ആ കേസില് ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നത്. പീഡന വിവരം അറിഞ്ഞിട്ടും സുധാകരന് ഇടപെട്ടിട്ടില്ലെന്ന് പെണ്കുട്ടിയുടെ മൊഴിയിലുണ്ട്.
അതിജീവിതയുടെ മൊഴി ഗൗരവമേറിയതാണ്. ആ കേസിലാണ് മോന്സന് മാവുങ്കലിനെ കോടതി ശിക്ഷിച്ചത്.
പോക്സോ കേസുമായി ബന്ധപ്പെട്ടും സുധാകരനെ ചോദ്യംചെയ്യേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.
വളരെ ഗൗരവകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള് പോകുന്നതെന്നും എം വി ഗോവിന്ദന് മാധ്യമങ്ങളോട് പറഞ്ഞു.
ആര്ക്കെതിരേയും കേസെടുക്കാന് സിപിഎം നിര്ദേശിച്ചിട്ടില്ല. കള്ളക്കേസില് ആരേയും കുടുക്കണമെന്ന് സിപിഎമ്മിന് താത്പര്യവുമില്ല.
എല്ലാ അര്ത്ഥത്തിലും പത്രസ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് സിപിഎം നിലപാട്. സര്ക്കാരിനെയും എസ്എഫ്ഐയെയും വിമര്ശിച്ചാല് കേസെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല.
കുറ്റവാളികളെ നിയമത്തിന്റെ മുന്നില് കൊണ്ടുവരണമെന്നാണ് പറഞ്ഞത്. മാധ്യമങ്ങള് ഇവന്റ് മാനേജ്മെന്റിന്റെ ഭാഗമായി പറയാത്ത കാര്യം പറഞ്ഞുവെന്ന് കള്ളപ്രചാരണം നടത്തുകയാണ്.
ഇത്രയും കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള് ലോകത്തെവിടെയുമില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു.