തിരുവനന്തപുരം: പോലീസ് നോക്കി നിൽക്കെയാണ് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെ ആക്രമിച്ചതെന്ന് എം. വിൻസന്റ് എംഎൽഎ. തന്റെ കാർ തടഞ്ഞ് നിർത്തി കാറിൽ ശക്തിയായി അടിക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്തു. എംഎൽഎ എന്ന ബോർഡ് വച്ചാണ് താൻ സംഭവ സ്ഥലത്തെത്തിയത്.
കാറിൽ നിന്നിറങ്ങിയ തന്നെ ബോധപൂർവമാണ് എസ് എഫ്ഐ പ്രവർത്തകർ കൈയേറ്റം ചെയ്തതെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു.അക്രമികളെ പിന്തിരിപ്പിക്കാനോ തടയാനോ പോലീസ് തയാറായില്ല. തന്റെ മൊഴി വാങ്ങാൻ പോലും പോലീസ് കൂട്ടാക്കിയില്ല.
പോലീസിന്റെ ഒത്താശയോടെയാണ് എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമണം നടത്തിയതെന്നും തനിക്കെതിരെയുള്ള ആക്രമണത്തിന് പിന്നിൽ സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്കുണ്ടെന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ശ്രീകാര്യം പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നതിനിടെ പോലീസിന്റെ കണ്മുന്നിലിട്ട് രണ്ട് കെഎസ്യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐ പ്രവർത്തകർക്കും ഡിവൈഎഫ്ഐ പ്രവർത്തകർക്കും ആരെയും ആക്രമിക്കാനുള്ള പിന്തുണയും പ്രോത്സാഹനവും നൽകുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും എം. വിൻസെന്റ് ആരോപിച്ചു.