മുക്കം: ലോകമെമ്പാടും കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വീടുകളിൽ തുടരുന്നത് പ്രചോദിപ്പിക്കാന് ലോകമെമ്പാടുമുള്ള സെലിബ്രിറ്റികൾ വിവിധ ചലഞ്ചുകളുമായി രംഗത്തുണ്ട്.
ജർമനിയുടെ ദേശീയ താരവും ഇംഗ്ലീഷ് ക്ലബായ ആഴ്സനലിന്റെ താരവുമായ മെസ്യൂട്ട് ഓസിലും സ്റ്റേ ഹോം സേവ് ലൈഫ് എന്ന സന്ദേശമുയർത്തി ഒരു ചലഞ്ച് പുറത്തുവിട്ടിരുന്നു.
ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ പങ്കെടുത്ത ചലഞ്ചിൽ ഇത്തവണ മെസ്യൂട് ഓസിലിന്റെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിൽ ഇടംപിടിച്ചത് ഓസിലിന്റെ കട്ടഫാനായ പാഴൂർ സ്വദേശി ഷറഫുദീനാണ്.
അഞ്ചു നേരവും നമസ്കാരം മുടക്കാത്ത ഷറഫുദ്ദീൻ ഓസിലിന്റെ 10ാം നമ്പർ ജേഴ്സി അണിഞ്ഞ് കൊണ്ട് വീട്ടിൽ നിസ്കരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ ഓസിലിനു മെൻഷൻ ചെയ്തത് വഴിയാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.
“നിങ്ങൾ പൂർണ്ണമായും വീട്ടിൽ തന്നെയാണ് ചിലവഴിക്കുന്നതെന്ന് ഉറപ്പാക്കാൻ, ഞാൻ നിങ്ങളെയെല്ലാം എന്റെ ” M1Ö ജേഴ്സി ചലഞ്ചി” ലേക്ക് ക്ഷണിക്കുന്നു: നിങ്ങളുടെ ജേഴ്സി ഉപയോഗിച്ച് നിങ്ങളുടെ ചിത്രങ്ങൾ പേർസണൽ മെസ്സേജ് വഴി അയയ്ക്കുക.
അല്ലെങ്കിൽ വീട്ടിൽ നിന്ന് ഒരു സ്റ്റോറിയിൽ എന്നെ ടാഗ് ചെയ്യുക, ഞാൻ അവ വീണ്ടും പോസ്റ്റുചെയ്യുകയോ റീ ട്വീറ്റ് ചെയ്യുകയോ ചെയ്യും. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ചിത്രങ്ങൾക്ക് ഞങ്ങളുടെ അടുത്ത ആഴ്സണൽ പബ്ലിക് ഹോം മത്സരങ്ങളിലൊന്നിലേക്ക് എന്റെ ബോക്സിലേക്ക്
രണ്ട് പേർക്കുള്ള ക്ഷണം നേടാനാകും. മറ്റ് സമ്മാനങ്ങളായി എന്റെ ആത്മ കഥയായ ‘ഗണ്ണിംഗ് ഫോർ ഗ്രേറ്റ്നെസ്’ ന്റെ ഒപ്പിട്ട മൂന്ന് പതിപ്പുകളും ഒപ്പിട്ട മൂന്ന് M1Ö ക്യാപുകളും ഷർട്ടുകളും ലഭിക്കും. മത്സരം 2020 ഏപ്രിൽ 13 വരെആയിരിക്കും.” ഇതായിരുന്നു മെസ്യൂട്ട് ഓസിലിന്റെറെ ചലഞ്ച്.
ഈ ചലഞ്ചിലേക്കാണ് താൻ വീട്ടിൽ നമസ്കരിക്കുന്ന ചിത്രം ഷറഫുദ്ദീൻ മെൻഷൻ ചെയ്തത്. തന്റെ ഫോട്ടോ ഓസിൽ സ്റ്റാറ്റസ് ആക്കിയ സന്തോഷത്തിലാണ് ഇപ്പോൾ ഷറഫുദീൻ.
കോഴിക്കോട് മാവൂരിനടുത്ത പാഴൂർ സ്വദേശി ആണ് ഷറഫുദ്ധീൻ എന്ന 20 കാരൻ. പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷം റീടൈൽ മാനേജ്മെന്റിന് പഠിച്ചു വരികയാണ് ഷറഫുദീൻ.
തന്റെ ഇഷ്ടതാരത്തിന്റെ ശ്രദ്ധ പതിയുന്നതിനുവേണ്ടി വെറുതെ ചിത്രം അയച്ചതല്ല ഷറഫുദ്ദീൻ. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി വീട്ടിൽ നിന്നും പുറത്തിറങ്ങാതെ സർക്കാറിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ പാലിക്കുകയാണ് , വീട്ടിലിരുന്ന് വേര് മുളക്കുന്നത് നാട്ടിൽ നന്മയായി പൂക്കാനാണെന്ന് വിശ്വസിക്കുന്ന ഈ ചെറുപ്പക്കാരൻ.