തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്പീക്കർക്കുമെതിരായ സ്വപ്ന സുരേഷിന്റെ മൊഴി പ്രലോഭനത്തിന്റെയും ഭീഷണിയുടെയും ഭാഗമായാണ് പുറത്തുവന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.
മൊഴി കേന്ദ്ര അന്വേഷണ ഏജൻസികൾ ഭീഷണപ്പെടുത്തി പറയിച്ചതാണെന്ന് വ്യക്തമാണ്.
32 ദിവസം എൻഫോഴ്സ്മെന്റും കസ്റ്റംസും എൻഐഎയും സ്വപ്നയെ മാറിമാറി ചോദ്യം ചെയ്തിട്ടും പുറത്തു വരാത്തൊരു മൊഴി ഇപ്പോൾ പുറത്തു വന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കസ്റ്റംസ് മേഖല ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തന്റെ മൊഴി തെളിയിക്കാനുള്ള പൂർണമായ ഉത്തരവാദിത്തം സ്വപ്നയ്ക്ക് മാത്രമാണെന്നാണ് കസ്റ്റംസ് സത്യവാങ്മൂലത്തിൽ പറയുന്നത്.
ഇത് വിചിത്രമാണ്. ഈ കെട്ടുകഥകൾക്കൊണ്ടൊന്നും പിണറായി വിജയനെയും എൽഡിഎഫിനെയും തകർക്കാനുകുമെന്ന് ആരും കരുതേണ്ട.
ഭരണക്കാരുടെ രാഷ്ട്രീയ ഇഷ്ടങ്ങളല്ല ഭരണഘടന ഉറപ്പാക്കുന്ന ചുമതലകളാണ് കേന്ദ്ര ഏജൻസികൾ നിർവഹിക്കേണ്ടതെന്നും ബേബി പറഞ്ഞു.