തിരുവനന്തപുരം: ഹരീഷ് പേരടി നിർമിച്ച് അഭിനയിക്കുന്ന സിനിമയുടെ പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കു വച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയ്ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം.
ഇതേതുടർന്ന് വിശദീകരണവുമായി എം.എ.ബേബിയും രംഗത്തെത്തി. അഖിൽ കാവുങ്ങൽ സംവിധാനം ചെയ്ത് ഹരീഷ് പേരടി നിര്‍മ്മിക്കുന്ന ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന സിനിമയുടെ പോസ്റ്ററാണ് എം.എ ബേബി ഫേസ്ബുക്കിൽ പങ്കുവെച്ചത്.
പാർട്ടിയേയും നേതാക്കളേയും വിമർശിക്കുന്ന ഹരീഷ് പേരടിയുടെ പോസ്റ്റർ പങ്കുവെച്ചത് ശരിയായില്ലെന്ന തരത്തിലുള്ള വിമർശനവും പ്രതിഷേധവുമാണ് സാമൂഹ്യമാധ്യമങ്ങളിൽ എം.എ.ബേബിക്കെതിരെ ഉയർന്നത്.
മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വിമർശിച്ചും നിരവധിപ്പേർ പോസ്റ്റിനു മറുപടി നൽകിയിട്ടുണ്ട്. നികുതിവർധനയിൽ പ്രതിഷേധം അറിയിച്ചും ചിലർ മറുപടി നൽകിയിട്ടുണ്ട്.
“”എനിക്കും എന്റെ പാർട്ടിക്കും യോജിക്കാൻകഴിയാത്തകാര്യങ്ങൾ ഹരീഷ് പറഞ്ഞിട്ടുണ്ടെങ്കിൽ ; അദ്ദേഹം നിർമ്മിക്കുന്ന സിനിമയുടെ പോസ്റ്റർ എന്റെ ഫേസ്ബുക്കിൽവന്നതോടെ, അത്തരം നിലപാടുകൾക്ക് ഞാൻ അംഗീകാരം കൊടുത്തു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല.
സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി കലാസാഹിത്യമേഖലകളിൽ വിമർശനപരമായസഹകരണം വിശാലാടിസ്ഥാനത്തിൽ സാദ്ധ്യമാവണം എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന നിലപാട്”- എം.എ.ബേബി ഫേസ്ബുക്കിൽ കുറിച്ചു.
ചലച്ചിത്രനിർമ്മാതാവെന്ന നിലയിൽ തന്റെ ആദ്യസംരഭത്തിന്റെ പോസ്റ്റർ റിലീസ് ചെയ്യണമെന്ന ഹരീഷ് പേരടിയുടെ അഭ്യർത്ഥന മാനിച്ചാണ് താൻ പോസ്റ്റർ ഷെയർ ചെയ്തതെന്നും എം.എ.ബേബി പറയുന്നു.