തൃശൂർ: തെരഞ്ഞെടുപ്പു കഴിഞ്ഞാൽ രാഹുൽ ഗാന്ധിക്കു കൈപൊക്കേണ്ടിവരുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസുമായി സഹകരിക്കേണ്ടി വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രത്തിൽ ബിജെപി ഇതര സർക്കാർ വരുമെന്നാണ് പ്രതീക്ഷ. എന്നാൽ, രാഹുൽ തന്നെ പ്രധാനമന്ത്രിയാകണമെന്നില്ല. ബിജെപിയെ പുറത്താക്കി മതേതര സർക്കാർ രൂപീകരിക്കാൻ വേറെയും ബദലുകളുണ്ടാകും. ഇതിന് എത്രത്തോളം വിട്ടുവീഴ്ച ചെയ്യാനും സിപിഎം തയാറാകും. തെരഞ്ഞെടുപ്പിൽ കേരളത്തിൽ മോദിക്കെതിരേ അല്ല പിണറായിക്കെതിരെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രസംഗമെന്നും ബേബി കുറ്റപ്പെടുത്തി.
അനായാസം ബോർഡ് മാറ്റിവയ്ക്കാവുന്ന രീതിയിലാണ് കോണ്‍ഗ്രസ് നേതാക്കൾ. എന്നാണ് ബിജെപിയാകുന്നതെന്നു നോക്കിയാൽ മതി. സിപിഎമ്മിനു ബംഗാളിലും മറ്റും തകർച്ച വന്നിട്ടുണ്ടെങ്കിലും അവിടെ തിരിച്ചുവരും. പലർക്കും പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യമുണ്ടായതിനാലാണ് അവിടെ സിപിഎം നേതാക്കൾക്കു പാർട്ടി വിടേണ്ടിവന്നിട്ടുള്ളതെന്നും ബേബി പറഞ്ഞു.