അമ്പലപ്പുഴ: ജി. സുധാകരന്റെ വസതിയിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി സന്ദർശനത്തിനെത്തിയപ്പോൾ എച്ച്. സലാം എംഎൽഎ എത്താതിരുന്നത് വിവാദമാകുന്നു.
ദേശീയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായി ജില്ലയിലെത്തിയ എം.എ. ബേബി കഴിഞ്ഞ ദിവസമാണ് പറവൂരുള്ള ജി. സുധാകരനെ വീട്ടിലെത്തി സന്ദർശിച്ചത്.
മണ്ഡലത്തിലെ എംഎൽഎ കൂടിയായ എച്ച്. സലാമിന്റെ അസാന്നിധ്യം വിവാദമായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം എച്ച്. സലാം ജി. സുധാകരനെതിരേ നൽകിയ പരാതിയെത്തുടർന്നും പിന്നീട് പ്രായപരിധിയുടെ പേരിലും സുധാകരൻ ബ്രാഞ്ചിലേക്കു മാറുകയായിരുന്നു. പിന്നീട് സുധാകരൻ പാർട്ടിയുമായി അകൽച്ചയിലുമായിരുന്നു.
തനിക്കെതിരേ പരാതി നൽകിയ എച്ച്. സലാമുമായി സുധാകരൻ ഇപ്പോഴും അകൽച്ചയിലാണ്. ഇതിനിടയിലാണ് കഴിഞ്ഞദിവസം എം.എ. ബേബി സുധാകരനെ സന്ദർശിച്ചത്.
ജില്ലാ സെക്രട്ടറി ആർ. നാസർ ഒപ്പമുണ്ടായിരുന്നെങ്കിലും ആലപ്പുഴയിലുണ്ടായിരുന്ന എച്ച്. സലാം എം.എ. ബേബിക്കൊപ്പം എത്താതിരുന്നത് വിവാദമായിരിക്കുകയാണ്.