മാന്നാർ: ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നടുവിൽ നിന്നു ശ്രീജു പവനൻ വയലിൻ വായിച്ച് കയറിയത് ഒന്നാം റാങ്കിലേക്ക്.
പരുമല ഉപദേശിക്കടവ് പ്രണവം വീട്ടിൽ ശ്രീജു പവനന് എംഎ വയലിനിൽ ലഭിച്ച ഒന്നാം റാങ്കിന് ശ്രുതിമധുരത്തോടൊപ്പം അഭിമാനവും.
തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളജ് വിദ്യാർഥിയായിരുന്ന ശ്രീജു ബാച്ചിലർ ഓഫ് പെർഫോമിംഗ് ആർട്സ് (ബിഎ) വയലിനിലും ഒന്നാം റാങ്ക് നേടിയിരുന്നു.
പ്രതിസന്ധികളോടും പ്രാരാബ്ദങ്ങളോടും പൊരുതി ശ്രീജു നേടിയെടുത്ത എംഎ ഒന്നാംറാങ്കിന് തിളക്കമേറെയാണ്. വീടുകളിൽ പോയി കുട്ടികളെ വയലിൻ അഭ്യസിപ്പിച്ചും സുഹൃത്തുക്കളിലൂടെയും മറ്റും ലഭിക്കുന്ന സംഗീത സദസുകളുമായിരുന്നു ശ്രീജുവിന്റെയും കുടുംബത്തിന്റെയും ഏക ആശ്രയം.
പഞ്ചായത്തിൽനിന്നു ലഭിച്ച സ്ഥലത്ത് നിർമിച്ചിരിക്കുന്ന വീട്ടിൽ അച്ഛനും അമ്മയുമൊത്ത് ഒറ്റമുറി വീട്ടിലായിരുന്നു ജീവിതം. വെള്ളം കയറുന്ന സ്ഥലമായതിനാൽ മഴക്കാലങ്ങളിൽ വീട്ടിലെ അവസ്ഥ ദയനീയമാണ്.
കഴിഞ്ഞ മഹാപ്രളയത്തിൽ ഉണ്ടായിരുന്ന ചെറിയ വീട് തകർന്നപ്പോൾ ദുരിതാശ്വാസ നിധിയിൽനിന്നു ലഭിച്ചത് 10,000 രൂപയാണ്.
പഞ്ചായത്തിന്റെ പഠനമുറി പദ്ധതിയിൽനിന്ന് ഒരു ലക്ഷം രൂപ ലഭിച്ചിരുന്നു. അതുപയോഗിച്ച് ഒരു മുറികൂടി പണിതെങ്കിലും അസൗകര്യങ്ങളുടെ നടുവിലാണ് ഈ റാങ്കുകാരന്റെ താമസം.
വയലിനിൽ അമ്മയുടെ പ്രാഗത്ഭ്യം കണ്ടു വളർന്ന ശ്രീജു സംഗീത ലോകത്തെത്തുന്നത് മൂന്നാം വയസിലാണ്. ആദ്യം കർണാടക സംഗീതം അഭ്യസിച്ചു. പിന്നീട് മൃദംഗ പഠനവും തുടങ്ങി. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് വയലിൻ പഠനം ആരംഭിക്കുന്നത്.
മുപ്പത്തിയൊമ്പതു വർഷം പോസ്റ്റോഫീസിൽ ദിവസ വേതനക്കാരനായി ജോലി ചെയ്തെങ്കിലും യാതൊരു സമ്പാദ്യവും ഇല്ലാതെ വീട്ടിൽ വിശ്രമിക്കുന്ന ഭിന്നശേഷിക്കാരനായ അച്ഛൻ പി. പവനനും അമ്മ മിനിയും മകനു നല്ലൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ശ്രുതി ഏക സഹോദരിയാണ്.