ജോലി ചെയ്യുന്ന സ്ഥാപനത്തോട് കാണിച്ച ആത്മാര്‍ത്ഥതയ്ക്ക് മലയാളി യുവാവിന് പാരിതോഷികം നല്കി വ്യവസായി യൂസഫലി. ഷാര്‍ജയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിക്കാനെത്തിയ അക്രമികളെ ചെറുത്ത് തോല്‍പ്പിച്ച് പോലീസില്‍ ഏല്‍പ്പിച്ചതിനാണ് യൂസഫ് അലി ജീവനക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്കി ആദരിച്ചത്.
കാഷ്യര്‍ ആയിരുന്ന കണ്ണൂര്‍ സ്വദേശി മുക്താര്‍ സെമന്‍, ഹൈദരാബാദ് സ്വദേശി അസ്ലം പാഷാ മുഹമ്മദ് എന്നിവര്‍ക്കാണ് തങ്ങളുടെ മിന്നല്‍ ഇടപെടല്‍ കൊണ്ട് നേട്ടമുണ്ടായിരിക്കുന്നത്.
അബുദാബിയിലെ ലുലു ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എം. എ. യൂസഫലി 5000 ദിര്‍ഹം, മൊമന്റോ, കീര്‍ത്തിപത്രം എന്നിവ യുവാക്കള്‍ക്ക് സമ്മാനിച്ചു. എല്ലാ ജീവനക്കാരും ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍ ജാഗരൂകരായിരിക്കണമെന്നും യൂസഫലി പറഞ്ഞു. സമയോചിതമായി ഇടപെട്ട് പ്രതികളെ പെട്ടെന്ന് പിടികൂടിയ ഷാര്‍ജ പോലീസിനെയും അദ്ദേഹം അഭിനന്ദിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മുഖം മൂടി ധരിച്ചെത്തിയ രണ്ടുപേര്‍ ക്യാഷ് കൗണ്ടറിലെ ജീവനക്കാരനെ ആക്രമിച്ച് പണം കൊള്ളയടിക്കാനായിരുന്നു ശ്രമിച്ചത്. ആദ്യം ഒരാളാണ് സ്ഥലത്തെത്തിയത്. ഇയാള്‍ ആയുധമുപയോഗിച്ച് കൗണ്ടര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ജീവനക്കാരന് തടഞ്ഞു.
ഇതോടെ രണ്ടാമത്തെ അക്രമിയും ആയുധവുമായി പ്രവേശിച്ചു. ഇയാളെയും മറ്റു ജീവനക്കാര്‍ കൂടി ചേര്‍ന്ന് ചെറുത്തു. മിനിറ്റുകളോളം അക്രമികളും ജീവനക്കാരും ഏറ്റുമുട്ടി. അക്രമികളെ നേരിടുന്നതിനിടെ ഒരു ജീവനക്കാരന് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഉദ്യമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് അക്രമികള്‍ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പുറത്തു കടക്കും മുന്‍പേ സ്ഥലത്തെത്തിയ പോലീസ് അക്രമികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.