ബംഗളൂരു: മാലമോഷണം തടയാൻ വിവാഹച്ചടങ്ങുകളിൽ യൂണിഫോമിൽ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ബംഗളൂരു പോലീസ്. അതിഥികളുടെയും ഇവന്റ് മാനേജ്മെന്റ് ജോലിക്കാരുടെയും വേഷത്തിൽ വിവാഹച്ചടങ്ങുകളിൽ നുഴഞ്ഞുകയറുന്ന മോഷ്ടാക്കളെ കണ്ടെത്തുന്നതിനൊപ്പം അതിഥികളെ ജാഗരൂകരാക്കുന്നതിനുമാണ് പോലീസിന്റെ പുതിയ നീക്കം.
വിവാഹവേദികളിലും പുറത്തും മാലമോഷണ സംഭവങ്ങൾ പെരുകിയ സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇതെന്ന് സൗത്ത് ഡിസിപി കെ. അണ്ണാമലൈ അറിയിച്ചു. മോഷണം ശ്രദ്ധയിൽപ്പെട്ടാലും ചടങ്ങ് തടസപ്പെടാതിരിക്കുന്നതിനായി ആരും ഉടൻ പരാതി നല്കാറില്ലെന്നും ഇത് മോഷ്ടാക്കൾക്ക് അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻകരുതൽ നടപടികളുടെ ഭാഗമായി ഹാൾ ഉടമകളുടെ യോഗം വിളിച്ചുചേർക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. മോഷണസംഭവങ്ങൾ കണ്ടെത്താൻ സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ച് ഹാൾ ഉടമകളെ ബോധവത്കരിക്കും. ഹാളിനുള്ളിലും പരിസരത്തും സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നും ഹാളിനു പുറത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കരുതെന്നും വിഐപികൾ ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ അക്കാര്യം പോലീസിനെ അറിയിക്കണമെന്നും പോലീസ് അറിയിച്ചു.