മണി പനംതോട്ടത്തിൽ
അഗളി: മർദനമേറ്റ് മരണത്തിനു കീഴടങ്ങിയ കടുകുമണ്ണ ഉൗരിലെ മധു സൈലന്റ് വാലി വനത്തിലെ ഗുഹയിലാണ് വസിച്ചിരുന്നെങ്കിൽ ഷോളയൂർ വെങ്കക്കടവ് ഉൗരിലെ മാരിയുടെ (50) വാസം ഉൗരുവക ചുടുകാട്ടിൽ. വെങ്കക്കടവ് ഉൗരിൽനിന്നും ഒരുകിലോമീറ്ററോളം അകലെ ചുടുകാട്ടിൽ തീകൂട്ടിയാണ് മാരിയുടെ അന്തിയുറക്കം.
ചിലപ്പോൾ ശിരുവാണി പുഴയോരത്തെ പാറയിടുക്കുകളിലും ആളനക്കമില്ലാത്ത കാടുകളിലും ഉറങ്ങും. ആരോടും സംസാരിക്കാതെ ചെറുപുഞ്ചിരിയോടെ നടന്നുനീങ്ങുന്ന മാരി നാടിനുതന്നെ കൗതുകമാണ്. കഠിനാധ്വാനം ചെയ്താണ് മാരിയുടെ ജീവിതം.
മിനർവ, ചിറ്റൂർ, ചുണ്ടക്കുളം, കുറവൻപാടി, പോത്തുപ്പാടി പ്രദേശങ്ങളിലെ കടകളിൽ വിറകുവിറ്റാണ് വിശപ്പടക്കുന്നത്. ഉടുത്ത മുണ്ടും ഷർട്ടും തോളിലെ തോർത്തുമല്ലാതെ സന്പാദ്യം ഒന്നുമില്ല. തങ്ങളെപ്പോലുള്ളവർക്കായി സർക്കാർ ഒരുക്കിയിട്ടുള്ള വൻപദ്ധതികളെപ്പറ്റിയൊന്നും മാരിക്കറിയില്ല. പെൻഷൻ പദ്ധതിയിൽപോലും ഉൾപ്പെട്ടിട്ടില്ല. ആയുധം പോലുമില്ലാതെ വിറകുശേഖരണത്തിൽ മാരിയുടെ ദിനരാത്രങ്ങൾ കൊഴിഞ്ഞുവീഴുന്നു.
ഉണക്കമരങ്ങൾ ചുവടോടെ പിഴുതെടുത്തും ചവിട്ടിയൊടിച്ചുമാണ് വിറകുശേഖരണം. പ്രതിഫലമായി ലഭിക്കുന്നതെല്ലാം വിലപേശാതെ സ്വീകരിക്കും. മഴയും മഞ്ഞും വെയിലും ഒന്നുപോലെയാണ് ഈ ആദിവാസി യുവാവിന്. വെങ്കക്കടവ് ഉൗരിലെ കോമാളിമൂപ്പന്റെ മകനാണ് മാരി.
ഇതേ ഉൗരിലെ നഞ്ചമൂപ്പന്റെ മകൻ ചവല (50) മാനസികനില തെറ്റി അലഞ്ഞുതിരിയുകയാണ്. സ്ഥിരബുദ്ധി നഷ്ടപ്പെട്ടവർ ഇതേ ഉൗരിൽ ഇനിയും ഏറെയുണ്ട്. ഇത് അട്ടപ്പാടിയിലെ ഒറ്റപ്പെട്ട കാഴ്ചയല്ല.
അട്ടപ്പാടിയിലെ എല്ലാ പട്ടികവർഗ ഉൗരുകളിലും ചെറുതും വലുതുമായ മാനസികരോഗികളുണ്ട്. വിവിധ ഉൗരുകളിലായി എണ്ണൂറിലധികം മാനസിക രോഗികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
അഞ്ഞൂറിലധികംപേർ മനോരോഗികളായുണ്ടെന്നും അതിൽ അന്പതുപേർ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നും ആശുപത്രി സൂപ്രണ്ടും എഡിഎംഒയുമായ ഡോ. പ്രഭുദാസ് പറഞ്ഞു. 350 രോഗികളെ ആശുപത്രി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അട്ടപ്പാടിയിലെ മാനസികരോഗികളെ സംബന്ധിച്ച് അടുത്തൊന്നും വ്യക്തമായ സർവേ നടന്നിട്ടില്ല.
2010-ൽ അഗളി വിവേകാനന്ദ മെഡിക്കൽ മിഷൻ നടത്തിയ സർവേയിൽ ഉൗരുകളിൽ 283 മാനസികരോഗികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. വിഷാദരോഗം ഉൾപ്പെടെ വൈകല്യമുള്ളവരൊന്നും ഇതിൽ ഉൾപ്പെട്ടിട്ടില്ല. 150 രോഗികൾക്ക് വിവേകാനന്ദ മെഡിക്കൽ മിഷനിൽ നിലവിൽ ചികിത്സ നൽകിവരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. നാരായണനും വ്യക്തമാക്കി.
ആദിവാസികളുടെ വികസനത്തിനു കോടികൾ ചെലവിട്ട് വിവിധ വകുപ്പുകളും സംഘടനകളും രംഗത്തുണ്ടെങ്കിലും മാനസികവൈകല്യംപേറി തെരുവിൽ അലയുന്നവരെയും പട്ടിണി കിടക്കുന്നവരെയും സഹായിക്കാൻ ആരുമുണ്ടായില്ല. ഉൗരുകളിലെ നിജസ്ഥിതി പഠിച്ച് ഐടിഡിപി ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ആദിവാസി ഉൗരുകളിൽനിന്നുതന്നെ എസ്ടി പ്രൊമോട്ടർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഫലവത്താകുന്നില്ല.