മറയൂർ: കോവിഡ് – 19 കേരളത്തിൽ പലയിടങ്ങളിലും റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ കേരളത്തിൽനിന്നുള്ള വാഹങ്ങൾ തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു.
അന്തർസസ്ഥാന പാതയായ ഉദുമലപേട്ട – മൂന്നാർ റോഡിൽ തമിഴ്നാട്ടിലെ ആനമല ടൈഗർ റിസർവിലെ ചെക്ക് പോസ്റ്റിലും ഒൻപതാർ ചെക്ക് പോസ്റ്റിലും വാഹന ഗതാഗതം തടഞ്ഞു.
തമിഴ്നാട് പോലീസ്, റവന്യു വകൂപ്പ്, വനം വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് കേരള അതിർത്തിയിൽ വാഹനങ്ങൾ തടഞ്ഞത്. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലേക്ക് മറയൂർ – മൂന്നാർ ഭാഗത്തേക്കു വരുന്നതിനായി ഉദുമലപേട്ടയിൽ എത്തിയ നൂറുകണക്കിന് യാത്രക്കാർ തമിഴ്നാട് അതിർത്തിയിൽ മണിക്കൂറുകളോളം കുടുങ്ങി.
പച്ചക്കറി, പാൽ എന്നിവ ഉൾപ്പെടുന്ന ചരക്കുലോറികൾ മാത്രമാണ് അതിർത്തി ചെക്ക് പോസ്റ്റുകൾവഴി കടത്തിവിട്ടത്. സിമന്റ് ഉൾപ്പെടുന്ന നിർമാണ സാധനങ്ങളുമായിവന്ന വലിയ വാഹനങ്ങൾ ഒൻപതാർ ചെക്ക് പോസ്റ്റിൽ തടഞ്ഞിട്ടിരിക്കുകയാണ്.
കേരള അതിർത്തിയിൽ കാണിക്കൂന്ന ജാഗ്രത തമിഴ്നാട്ടിലെ ഉദുമലപേട്ട നഗരത്തിലെങ്ങും തമിഴ്നാട് ആരോഗ്യ വകുപ്പ് കാണിച്ചിട്ടില്ല. നഗരത്തിലെ തിരക്കിന് ഒട്ടും കുറവില്ല. ഹാൻഡ് വാഷിംഗ് കോർണറുകളോ മാസ്കുകളോ ഇവിടെ ആരും ധിരിച്ചിട്ടുമില്ല.
അതിർത്തിയിൽ യാത്രക്കാർ കുടുങ്ങി
മറയൂർ: ചെന്നൈ – ബാംഗ്ലൂർ ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽനിന്നു കേരളത്തിലേക്ക് എത്തിയ നൂറിലധികം യാത്രക്കാർ രാവിലെ ആറു മുതൽ തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ യാത്രാവിലക്കിൽ വലഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ കുടുങ്ങിയ വിവരം അതുവഴി വന്ന ത്രിതല പഞ്ചായത്തംഗം മറയൂർ പോലീസിൽ അറിയിക്കുകയായിരുന്നു.
മുപ്പതു കിലോമീറ്റർ അകലയുള്ള കരിമുട്ടി ഭാഗത്ത് ആരോഗ്യ വകുപ്പുമായി അതിർത്തിയിൽ പരിശോധന നടത്തികൊണ്ടിരുന്ന മറയൂർ എസ്ഐ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് ഒൻപതാർ ചെക്ക് പോസ്റ്റിലെത്തി ഉദുമലപേട്ട സിഐ, ഉദുമലപേട്ട തഹസീൽദാർ എന്നിവരുമായി ചർച്ചനടത്തി യാത്രക്കാരെ ചരക്കുവാഹനങ്ങളിൽ കേരള അതിർത്തിയായ ചിന്നാർ ചെക്ക്പോസ്റ്റിൽ എത്തിക്കുകയായിരുന്നു.
കേരള അതിർത്തിയിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളെ മറയൂരിൽനിന്നും ചിന്നാറിലെത്തിക്കുന്നതിനുള്ള ക്രമീകരണം നൽകാമെന്ന് പരസ്പര ധാരണയോടെയാണ് പ്രശ്നം താത്കാലികമായി പരിഹരിച്ചത്.