സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തു ലഹരി മരുന്നുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇത്തരം കേസുമായി ബന്ധപ്പെട്ടുള്ള സ്ഥിരം കുറ്റവാളികളെ വിചാരണ കൂടാതെ രണ്ടു വർഷംവരെ കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
1988ലെ പിഐടി എൻഡിപിഎസ് ആക്ട് (പ്രിവൻഷൻ ഓഫ് ഇലിസിറ്റ് ട്രാഫിക് ഇൻ നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് ആക്ട്) അനുസരിച്ചു ലഹരിമരുന്നുമായി ബന്ധപ്പെട്ട സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ കഴിയും.
പോലീസ്, എക്സൈസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിലെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഉത്തരവു നൽകാനാകും.
സംസ്ഥാനത്തു ലഹരി മരുന്നു വ്യാപാരം വ്യാപകമായെന്ന കോണ്ഗ്രസിലെ പി.സി. വിഷ്ണുനാഥിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
മറ്റു നടപടികൾ ഇവയാണ്:
- ലഹരി മരുന്നു കേസിൽ പിടിയിലാകുന്നവർ പുറത്തിറങ്ങാൻ ഇനി കുറ്റകൃത്യത്തിൽ ഏർപ്പെടില്ലെന്ന ബോണ്ട് നൽകണം. സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും എക്സൈസ് ഇൻസ്പെക്ടർമാർക്കുമാണു ബോണ്ട് നൽകേണ്ടത്.
- മയക്കുമരുന്ന്, കഞ്ചാവ് കേസുകൾ രജിസ്റ്റർ ചെയ്യുന്ന രീതിയിൽ മാറ്റം വരുത്തും. കോടതിയിൽ സമർപ്പിക്കുന്ന കുറ്റപത്രത്തിൽ ഉയർന്ന ശിക്ഷ ഉറപ്പാക്കാൻ ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തും.
- കേസിൽ പെടുന്നവരുടെ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും വിധം ഡേറ്റാ ബാങ്ക് തയാറാക്കും. കേസുകളുടെ മുൻ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും കുറ്റപത്രം തയാറാക്കുക.
- ലഹരിമരുന്നു വേട്ടയുടെ ഭാഗമായി അടുത്തയാഴ്ചകളിൽ സ്പെഷൽ ഡ്രൈവ് സംഘടിപ്പിക്കും.
- പോലീസിലെ നർകോട്ടിക് സെൽ ഡിവൈഎസ്പിമാർക്കും ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്കും നിയമത്തിലെ കൂടുതൽ വകുപ്പുകൾ മനസിലാക്കുന്നതിനായി പ്രത്യേക പരിശീലനം സംസ്ഥാനതലത്തിൽ ഒരുക്കും.
- ജില്ലാതലത്തിൽ പോലീസ് എസ്എച്ച്ഒമാർക്കും എക്സൈസ് ഇൻസ്പെക്ടർക്കുമായി പ്രത്യേക പരിശീലനം നൽകും.
- അയൽസംസ്ഥാനങ്ങളിൽനിന്നടക്കമാണു മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തുന്നത്. ഇതു തടയാൻ ട്രെയിനുകളിൽ സ്നിഫർ ഡോഗിന്റെ പരിശോധനയും നടത്തും.
കടകൾ പൂട്ടിക്കും
വിദ്യാലയങ്ങൾക്കു ചുറ്റും ജനകീയ സംരക്ഷണ ശ്യംഖല സൃഷ്ടിക്കും. സ്കൂളു കളിൽ ലഹരിമരുന്നു കച്ചവടം അനുവദിക്കില്ല.
സ്കൂൾ പരിസരങ്ങളിലെ കച്ചവടസ്ഥാപനങ്ങളിൽ ലഹരിയുടെ അംശമുള്ള മിഠായി അടക്കമുള്ള വസ്തുക്കൾ വിൽപ്പന നടത്തിയതായി കണ്ടെത്തിയാൽ പ്രസ്തുത വ്യാപാരസ്ഥാപനം പൂട്ടിക്കും.
അധ്യാപകർക്കും പരിശീലനം
ലഹരിക്കെതിരേയുള്ള പോരാട്ടം ഊർജിതമാക്കുന്നതിന് അധ്യാപകർക്കു പരിശീലനം നൽകും. ഈ മാസം മൂന്നിനു തുടങ്ങുന്ന പരിശീലന പരിപാടി 30നകം പൂർത്തീകരിക്കും.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ക്ലാസല്ല സ്കൂളുകളിൽ കുട്ടികൾക്കായി എടുക്കേണ്ടത്. ലഹരി ഉപയോഗിക്കുന്നവർ ശാരീരികമായും മാനസികമായും സാമൂഹികമായും സാമ്പത്തികമായും നേരിടുന്ന പ്രശ്നങ്ങളാകും ബോധവത്കരണ ക്ലാസുകളിൽ ഉൾപ്പെടുത്തേണ്ടത്.
ആരോഗ്യ- മാനസിക പ്രശ്നങ്ങളും പ്രത്യേകം ഉൾപ്പെടുത്തണം. ഗാന്ധിജയന്തി ദിനം വരെ നാടാകെ ലഹരി വസ്തുക്കൾക്കെതിരേയുള്ള പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കുഴിച്ചു മൂടൂന്ന ചടങ്ങും സംഘടിപ്പിക്കും.
പിടിഎയുടെ നേതൃത്വത്തിൽ ജനജാഗ്രതാ സമിതികൾ സംഘടിപ്പിക്കും. ചുറ്റുമതിൽ ഇല്ലാത്ത വിദ്യാലയങ്ങളിൽ ലഹരിവസ്തുക്കൾ എത്താതിരിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപടിയെടുക്കും.
സിന്തറ്റിക് മയക്കുമരുന്നു വ്യാപിക്കുന്നു
സംസ്ഥാനത്തു ലഹരി ഉപയോഗം കനത്ത തോതിൽ വ്യാപകമാകുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സമ്മതിച്ചു.
നേരത്തേ കഞ്ചാവുപോലുള്ള ലഹരിവസ്തുക്കളാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നതെങ്കിൽ സിന്തറ്റിക് ലഹരി മരുന്നുകളുടെ വ്യാപനവും ഉപഭോഗവുമാണ് നിലവിലെ വലിയ ഭീഷണി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഇത്തരം ലഹരിമരുന്നുകൾ എത്തിച്ചേരുന്നു. അങ്ങനെയുള്ള കേസുകൾ പിടിക്കപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.മയക്കുമരുന്നിന്റെ പിടിയിൽനിന്നു യുവതയെ രക്ഷിക്കാൻ കായിക പദ്ധതികൾ നടപ്പാക്കിയ ഹരിയാന സർക്കാരിന്റെ മാതൃക പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.