തലശേരി: ഒരേ സമയം രണ്ട് സ്ഥാനങ്ങളിലേക്ക് മത്സരിച്ച് എൻഡിഎ സ്ഥാനാർഥി. ബിജെപി കൂത്തുറമ്പ് മണ്ഡം വൈസ് പ്രസിഡന്റായ കെ.പി മഞ്ജുഷയാണ് കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ 21ാം വാർഡിലേക്കും, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് കോട്ടയം ഡിവിഷനിലേക്കും ജനവിധി തേടുന്നത്.
കഴിഞ്ഞ തവണയും ഇവർ മത്സര രംഗത്തുണ്ടായിരുന്നു. ഇത്തവണ വിജയം ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മഞ്ജുഷ. വീടുകൾ കയറി ഒന്നാം ഘട്ട പ്രചാരണം പൂർത്തിയാക്കിയിട്ടുണ്ട്.
ഇരുമുന്നണികളും പൂർണ പരാജയമാണെന്നും വിജയപ്രതീക്ഷയിലാണെന്നും വീടുകൾ കയറുമ്പോഴുള്ള ജനങ്ങളുടെ പ്രതികരണം ആത്മവിശ്വാസം വർധിപ്പിക്കുന്നതായി മഞ്ജുഷ പറഞ്ഞു ചെണ്ടയാട് സ്വദേശിയായ മഞ്ജുഷ എൽഐസി ഏജന്റ് കൂടിയാണ്.
സിറ്റിംഗ് സീറ്റ് വേണ്ടെന്ന് നേതാവ്; അന്തംവിട്ട് പ്രവർത്തകർ
തലശേരി: സീറ്റു കിട്ടാനും സ്ഥാനാർഥി രാഷ്ട്രീ പ്രവർത്തകർ നെട്ടോട്ടമോടുമ്പോൾ സിറ്റിംഗ് സീറ്റ് വേണ്ടെന്ന് പറയുന്ന നേതാക്കളും നമ്മുടെ നാട്ടിലുണ്ട്.
പാനൂർ നഗരസഭയിലാണ് കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച സീറ്റ് വേണ്ടെന്ന് പറയാനും നേതാവുണ്ടായിട്ടുള്ളത്. കരിയാട് പുതുശേരി വാർഡ് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്.
മുസ്ലിംലീഗ് പാർലിമെന്റ് ബോർഡ് ഐക്യകണ്ഠേന സ്ഥാനാർഥിയായി ലീഗ് മണ്ഡലം സെക്രട്ടറി പി.കെ ഷാഹുൽ ഹമീദിനെ തീരുമാനിക്കുന്നു. മിനിട്സിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു.
യോഗത്തിൽ എല്ലാവരും കൈയടിച്ച് അംഗീകരിക്കുകയും ചെയ്തു. എന്നാൽ നന്ദി പറയാനായി എഴുന്നേറ്റ ഷാഹുൽ ഹമീദിന്റെ മറുപടി ഇങ്ങനെയായിരുന്നു…” പേര് നിർദ്ദേശിച്ച മുഴുവൻ ആളുകൾക്കും നന്ദി.
ജീവിതകാലം മുഴുവൻ ലീഗിന് വേണ്ടി സംസാരിച്ച് ശബ്ദം നിലച്ചുപോയ ഒ.കെ എന്ന മനുഷ്യന്റെ കൊച്ചുമകനാണ് ഞാൻ. ഒരു മുസ്ലിംലീഗ് പ്രവർത്തകനായി ജീവിച്ചു മരിക്കുക എന്നതിനപ്പുറം എനിക്ക് ആഗ്രഹങ്ങളില്ല.
നിങ്ങൾ എനിക്കു നൽകിയ സ്നേഹത്തിനും അംഗീകാരത്തിനും നന്ദി… ഈ സീറ്റിൽ നിങ്ങളിലൊരാൾ മൽസരിക്കുക ….’ ഇതായിരുന്നു ഷാഹുൽ ഹമീദിന്റെ വാക്ക് .
യോഗത്തിൽ പങ്കെടുത്തവർ അന്തം വിട്ടിരിക്കെ തീരുമാനത്തിൽ ഉറച്ചു നിന്ന് കൊണ്ട് ഷാഹുൽ ഹമീദ് തന്റെ നന്ദി പ്രസംഗം അവസാനിപ്പിച്ചു.
ലീഗിന്റെ സമീപകാല ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഉറപ്പുള്ളൊരു സീറ്റ് ഒരു നേതാവ് സീറ്റ് വേണ്ടെന്ന് പറയുന്നതെന്ന് ലീഗ് നേതാക്കൾ സാക്ഷ്യപ്പെടുത്തുന്നു. ഇതോടെ മനസിൽ തെരഞ്ഞെടുപ്പിന് മുമ്പ് വിജയിച്ച നേതാവായി ഷാഹുൽ ഹമീദ് മാറിയെന്നും ലീഗ് പ്രവർത്തകർ പറയുന്നു.
മുസ്ലിംലീഗ് മണ്ഡലം ജോയിന്റ് സെക്രട്ടറി അൻവർ കക്കാട്ടാണ് ഷാഹുൽ ഹമീദിന് പകരം പുതുശേരി വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മൽസരിക്കുന്നത്.