കൊല്ലം: മാറി വരുന്ന സർക്കാരുകളുടെ സഹായപ്രഖ്യാപനങ്ങൾ പാഴ് വാക്കാകുമെന്ന് ഷെമീറും കുടുംബവും ഒരിയ്ക്കലും കരുതിയിരുന്നില്ല.
ആദിച്ചനല്ലൂർ കുണ്ടുമൺ അൻസിർ മൻസിലിൽ ഷെമീറിന്റെ ദുരിത ജീവിതം തുടങ്ങിയിട്ട് പതിനൊന്ന് വർഷമായി. സർക്കാരിന്റെ സഹായവാഗ്ദാനത്തിനും ഇത്രയും പഴക്കവുമുണ്ട്.
2010-ലാണ് ആദിച്ചനല്ലൂർ അടിമുക്കിന് സമീപം ഷെമീർ ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷെമീർ ഒരുമാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തുടർന്ന് കേഴ് വി ശക്തി നഷ്ടപ്പെടുകയും ഇടയ്ക്കിടെ ഓർമ ഇല്ലാതാവുകയും ചെയ്യുന്നു. ചലനശേഷി ഇല്ലാതായ ഷെമീറിൻ അടുത്തിടെയാണ് അല്പം നടക്കാൻ കഴിയുന്നത്.
ചികിത്സയ്ക്കായി കിടപ്പാടം വിറ്റതോടെ കയറിക്കിടക്കാന ും ഇടമില്ലാതെയായി. ഭാര്യ ഹസീനയുമായി പ്രണയ വിവാഹമായതിനാൽ അകന്നുനിന്ന ബന്ധുക്കളും സഹായത്തിനെത്തിയില്ല.
മക്കളായ ഷഹനാസ് പത്തിലും യൂസുഫ് എട്ടിലും സുൽത്താന ഏഴാം ക്ലാസിലുമാണ്. ഇപ്പോൾ വാടക കൊടുക്കാൻപോലും കഴിയാത്ത അവസ്ഥയാണിവർക്ക്.
ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ചികിത്സാസഹായമായി 25000 രൂപ അനുവദിച്ചിരുന്നു. കൂടാതെ ആശ്രയ പദ്ധതിപ്രകാരം വീട് വച്ച് നൽകാനും ഉത്തരവുണ്ടായി.
എന്നാൽ ഇതുവരേയും വീട് ലഭിച്ചിട്ടില്ല. ഇതിന് വേണ്ടി കയറിയിറങ്ങാത്ത സ്ഥലമില്ലായെന്ന് ഭാര്യ ഹസീന പറയുന്നു. മൂന്നു മക്കളും ഭാര്യയുമായി ആദിച്ചനല്ലൂർ വില്ലേജോഫീസിന്റെ വരാന്തയിലും ഷെമീറിന് അന്തിയുറങ്ങേണ്ടിവന്നിട്ടുണ്ട്.
2013-ൽ ആശ്രയ പദ്ധതിയുടെ ഗുണഭോക്താവായി ഷെമീറിനെ പഞ്ചായത്ത് തെരഞ്ഞെടുത്തെങ്കിലും ഇതുവരേയും നടപടി ഉണ്ടായിട്ടില്ല. വിവിധ പദ്ധതികളിലെല്ലാം ഉൾപ്പെടുമെങ്കിലും അവസാന നിമിഷം അവ നഷ്ടമാകുന്ന അവസ്ഥയാണ് ഈ കുടുംബത്തിന്.
ഹസീന തൊഴിലുറപ്പിന് പോയിക്കിട്ടുന്ന വരുമാനം മാത്രമാണിവർക്ക്. ഇത് വീട്ടുവാടകയ്ക്കുപോലും തികയില്ല. ഒരു തുണ്ടു ഭൂമിയും കൂരയുമാണ് ഇവരുടെ സ്വപ്നം.
ഇത് എന്നെങ്കിലും സഫലമാകുമെന്ന പ്രതീക്ഷയോടെ വാടകവീടിന്റെ ഉമ്മറത്ത് അധികാരികളുടെ അറിയിപ്പിനായി കാത്തിരിക്കുകയാണ് ഷെമീർ.