മല്ലപ്പള്ളി: വയോധിക ദന്പതികളെ മർദിച്ച രംഗം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മരുമകൾ അറസ്റ്റിൽ.
മല്ലപ്പള്ളി ഈസ്റ്റ് നെല്ലിമൂട് കന്നക്കാട്ടിൽ കുഞ്ഞുകുട്ടി (89), ഭാര്യ ഭവാനിയമ്മ(76) എന്നിവരെ മർദിച്ച സംഭവത്തിലാണ് മരുമകളായ ഷൈലമ്മ (42)യെ പോലീസ് അറസ്റ്റു ചെയ്തത്.
ദന്പതികളെ ചെരിപ്പ് ഉപയോഗിച്ച് തല്ലുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷൈലമ്മ അറസ്റ്റിലായത്.
ഇരുകാലുകളും തളർന്ന് കിടന്ന ദന്പതികളെയാണ് മരുമകൾ ദേഹോപദ്രവം ഏൽപ്പിച്ചത്, മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയവഴി ശ്രദ്ധയിൽ പെടുത്തിയത് ഇവരുടെ സഹായത്തിനായി നിർത്തിയിരുന്ന ഹോം നഴ്സായിരുന്നു.
ജില്ലാ പോലീസ് മേധാവി നിശാനിനിയുടെ നിർദ്ദേശാനുസരണം തിരുവല്ല ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കീഴ്വായ്പൂര് പോലീസ് ഇൻസ്പെക്ടർ സി.ടി. സഞ്ജയ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തുകയായിരുന്നു.