കൊക്കയാർ: പ്രളയത്തിൽ നദികളിലും തോടുകളിലും വന്നടിഞ്ഞുകൂടിയ മണലും മാലിന്യങ്ങളും ഒരു പരിധിവരെ നീക്കം ചെയ്തെങ്കിലും വാരിക്കൂട്ടിയ മണൽ വീണ്ടും പുഴയിലേക്കു തന്നെ എത്തുമെന്ന് ആശങ്ക.
വാരിക്കൂട്ടിയ മണൽ ലേലം ചെയ്യാത്തതാണ് വിനയാകുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ വാരിക്കൂട്ടിയ മണലിൽ ഒരു ഭാഗം ഒഴുകിപ്പോയി.
മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് പുല്ലകയാറ്റിലെയും മണിമലയാറ്റിലെയും മണലും മാലിന്യങ്ങളും നീക്കം ചെയ്യുന്നത്.
ഇങ്ങനെ സംഭരിക്കുന്ന മണൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലേലം ചെയ്യുകയും തുകയുടെ 70 ശതമാനം അതതു പഞ്ചായത്തുകൾക്കും 30 ശതമാനം റവന്യു വകുപ്പിനും ലഭിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു ആദ്യം മണൽ നീക്കംചെയ്യൽ ആരംഭിച്ചത്.
പാതി ഒലിച്ചുപോയി
എന്നാൽ, പിന്നീട് പഞ്ചായത്തുകൾ ഈ മണൽ ലേലം ചെയ്യേണ്ട എന്ന നിലപാടാണ് ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ചത്.
കൊക്കയാർ – മുണ്ടക്കയം – കൂട്ടിക്കൽ പഞ്ചായത്തിന്റെ ഭാഗങ്ങളിൽ ആയിരക്കണക്കിനു ലോഡ് മണലാണ് ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്നത്.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇതിന്റെ ലേല നടപടികൾ ആരംഭിച്ചിട്ടില്ല. പുല്ലുകയാറ്റിൽനിന്നും കുട്ടിക്കൽ ചെക്ക് ഡാമിൽനിന്നും ശേഖരിച്ച മണ്ണൽ കൊക്കയാർ പഞ്ചായത്തിന്റെ ബോയ്സ് എസ്റ്റേറ്റ്, മുക്കുളം എന്നീ പ്രദേശങ്ങളിലാണ് ശേഖരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ ഇവിടുത്തെ മണൽ പാതി ഒലിച്ചുപോയ നിലയിലാണ്.
കാലവർഷം ശക്തമാകുന്നതോടെ ഈ മണൽ വീണ്ടുമൊഴുകി പുല്ലകയാറ്റിലും മണിമലയാറ്റിലുമെത്താനുള്ള സാധ്യതയേറെയാണ്.
കാലവർഷം ശക്തിപ്രാപിക്കുന്നതിന് മുമ്പ് ലേലം നടന്നില്ലെങ്കിൽ ലക്ഷങ്ങൾ മുടക്കി വാരിക്കൂട്ടിയ മണൽ വീണ്ടും പുഴയിലെത്തും.