കൊല്ലം: മാതാപിതാക്കളെ ദേഹോപദ്രവം ഏൽപ്പിച്ച മകൻ പോലീസ് പിടിയിലായി. മയ്യനാട് വലിയവിള രാജൂ നിവാസിൽ രാജൂ (36) ആണ് പോലീസ് പിടിയിലായത്.
മദ്യപിച്ചും ലഹരി മരുന്നുകൾ ഉപയോഗിച്ചും ഇയാൾ മാതാപിതാക്കളായ രാജൻ (80), പ്രഭാവതി (77) എന്നിവരെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഉപദ്രവത്തെ തുടർന്ന് ഇവർ അയൽ വീടുകളിൽ അഭയം തേടുകയാണ് പതിവ്.
ഇരവിപുരം പോലീസിൽ കഴിഞ്ഞ വർഷം നൽകിയ പരാതിയിൽ പോലീസ് ഇയാളെ പിടികൂടിയെങ്കിലും അച്ഛൻ രാജന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു.
തുടർന്നും ലഹരിയുടെ സ്വാധീനത്തിൽ മാതാപിതാക്കളെ ഉപദ്രവിച്ച് വന്ന ഇയാൾ കഴിഞ്ഞ ദിവസം അവരെ മർദിച്ച് വീട്ടിൽ നിന്നും പുറത്താക്കി.
അയൽവാസികളുടെ സഹായത്തോടെ കരുനാഗപ്പളളി വവ്വാക്കാവിലെ അഭയകേന്ദ്രത്തിലേക്ക് ഇവർ മാറുകയായിരുന്നു.
ഉപദ്രവം അസഹനീയമായപ്പോൾ സംരക്ഷണം ആവശ്യപ്പെട്ട് ഇവർ കൊല്ലം ആർഡിഒക്കും, തുടർന്ന് ഇരവിപുരം പോലീസിലും പരാതി നൽകി.
പോലീസ് ഇയാളെ വീട്ടിൽ നിന്നും പിടികൂടി. 2018 ൽ സ്ത്രീ പീഡന കേസിൽ ഇയാൾ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. മാതാപിതാക്കാളാണ് അന്ന് ജാമ്യമെടുത്ത് ഇയാളെ പുറത്ത് കൊണ്ടു വന്നത്.
ഇരവിപുരം ഇൻസ്പെക്ടർ വിവി അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അരുണ്‍ ഷാ, പ്രകാശ്, ഷാജി സിപിഒമാരായ മനാഫ്, സുമേഷ്ബേബി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.