ആമസോൺ മേധാവി ജെഫ് ബെസോസുമായുള്ള വിവാഹബന്ധം വേർപിരിയുന്പോൾ ലഭിക്കുന്ന ഭീമൻ തുകയുടെ പാതി ജീവകാരുണ്യപ്രവർത്തനത്തിനു നല്കാൻ തീരുമാനിച്ച് മക്കെൻസി ബെസോസ്. 3700 കോടി ഡോളറിന്റെ സ്വത്തുക്കളാണ് മക്കെൻസിക്കു ലഭിക്കുക. ഇതിന്റെ പാതി ജീവകാരുണ്യ പ്രവർത്തനത്തിനു നല്കും.
ശതകോടീശരന്മാരായ ബിൽ ഗേറ്റ്സും വാറൻ ബഫറ്റും ചേർന്നു തുടങ്ങിയ ‘ഗിവിംഗ് പ്ലെഡ്ജ്’ പദ്ധതിയുടെ ഭാഗമായിട്ടാണ് മക്കെൻസി തുക നല്കുന്നത്. ജീവിച്ചിരിക്കുന്പോഴോ മരിച്ചതിനു ശേഷമോ സന്പാദ്യത്തിന്റെ പാതി ജീവകാരുണ്യത്തിനു നൽകാനുള്ള അനുമതി നല്കലാണ് ഈ പദ്ധതി.
ഇതുവരെ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നായി 204 പേർ പദ്ധതിയിൽ ഒപ്പുവച്ചിട്ടുണ്ട്. മക്കെൻസിയടക്കം 19 പേർകൂടി പദ്ധതിയിൽ അംഗമായി. വാട്സ്ആപ് സഹസ്ഥാപകൻ ബ്രയൻ ആക്ടണും ഇതിൽ ഉൾപ്പെടുന്നു.