കൊച്ചി: മലയാള സിനി ടെക്നിഷ്യന്‍സ് അസോസിയേഷന് (മാക്ട) ഭരണസമിതിയിലേക്ക് 29ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് എറണാകുളം ഒന്നാംക്ലാസ് മുന്‍സിഫ് കോടതി തടഞ്ഞു. തപാല്‍ വോട്ട് ചെയ്യാനുള്ള വ്യവസ്ഥയില്‍ മാറ്റം വരുത്തിയതിനെതിരേ സെക്രട്ടറി ഷാജി പാണ്ഡവത്ത് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
മാക്ടയില്‍ വോട്ടവകാശമുള്ള അംഗങ്ങള്‍ തപാല്‍ വോട്ടിനുള്ള അപേക്ഷ തെരഞ്ഞെടുപ്പിന് 20 ദിവസം മുമ്പ് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. നിലവിലെ ഭരണസമിതി ഈ സമയപരിധി 30 ദിവസമാക്കി നീട്ടി. ജനറല്‍ ബോഡിയുടെ അംഗീകാരമില്ലാതെയാണ് വ്യവസ്ഥ മാറ്റിയതെന്നു കാണിച്ചാണ് ഷാജി പാണ്ഡവത്ത് ഹര്‍ജി നല്‍കിയത്. ഹര്‍ജിയിലെ അന്തിമ വിധിയനുസരിച്ച് മാത്രമേ തെരഞ്ഞെടുപ്പ് നടത്താവൂ എന്നും ഉത്തരവില്‍ പറയുന്നു.