കണ്ണൂര്‍: മാടായി കോളജ് നിയമന വിവാദത്തിൽ എം.കെ. രാഘവനെതിരേ ഉയരുന്ന ആരോപണങ്ങൾ പ്രതിരോധിക്കാൻ എ ഗ്രൂപ്പ്. കണ്ണൂര്‍ ഡിസിസിയും ഐ ഗ്രൂപ്പും എം.കെ. രാഘവൻ എംപിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന പശ്ചാത്തലത്തിലാണ് എ ഗ്രൂപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.
രാഘവനെതിരേയുള്ള ഐ ഗ്രൂപ്പിന്റെ പ്രതിഷേധം ജില്ലയിലെ എ ഗ്രൂപ്പിനെ വീണ്ടും സജീവമാക്കുകയാണ്. ഐ ഗ്രൂപ്പ് നടത്തിയ വിവാദ നിയമനങ്ങളുടെ വിവരശേഖരണവും എ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.ഇതിനിടെ, എം.കെ.രാഘവൻ എംപിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി നടപടിയെടുത്ത കോൺഗ്രസ് പ്രവർത്തകർ ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.
നിയമന വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപക്ഷ നേതാവിനോട് പ്രവർത്തകർ വിശദീകരിച്ചു. കണ്ണൂർ ഡിസിസി നേതൃത്വവും വി.ഡി. സതീശനോട് കാര്യങ്ങൾ വിശദീകരിച്ചു. രാഘവന്റെ കോലം കത്തിച്ച സംഭവത്തിലും വീട്ടിലേക്ക് മാർച്ച് നടത്തിയ സംഭവത്തിലും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മൗനം പാലിക്കുന്നതിൽ എ ഗ്രൂപ്പിനു പ്രതിഷേധമുണ്ട്.
കെപിസിസി നിലപാട് നിര്‍ണായകം
ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ബന്ധുവിന് നിയമനം നല്‍കിയെന്ന ആരോപണത്തില്‍ കെപിസിസി നിലപാട് നിര്‍ണായകം. ഡിസിസി ആദ്യമെടുത്ത നിലപാട് മാറ്റി പ്രാദേശിക പ്രവര്‍ത്തകരുടെ വികാരത്തിനൊപ്പം നിന്നതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലെന്ന് വ്യക്തമായി.
ഇന്റവ്യൂവിന് എത്തിയ എംപിയെ തടഞ്ഞ പ്രവര്‍ത്തകര്‍ക്കെതിരെ ആദ്യം അച്ചടക്ക നടപടിയെടുത്ത കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നിലപാടില്‍ മാറ്റംവരുത്തിയത് ഭരണസമിതി അംഗങ്ങളായ പാര്‍ട്ടി ചുമതലയുള്ളവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്താണ്. ഭരണസമിതി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ ഈ ഭരണസമിതിയുടെ തലവനായ എംപിക്കെതിരെ നടപടിയില്ലേ എന്ന ചോദ്യവും ഉയരുന്നു.
കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗമായ എം.കെ. രാഘവനെതിരെ നടപടിയെടുക്കാന്‍ ഡിസിസിക്ക് കഴിയില്ല. കെപിസിസി പ്രസിഡന്റിന്റെ നിലപാടാണ് ഇനി നിര്‍ണായകമാകുക. നിയമനം നേടിയവര്‍ പ്രതിഷേധത്തിനിടെ കഴിഞ്ഞ ദിവസം കോളജില്‍ ചുമതലയേറ്റു. ഇവര്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍ അംഗങ്ങളായി.
ഇതിനിടെ, മാടായി കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജിലെ നിയമന വിവാദത്തില്‍ കോഴ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്ത് എത്തിയിരുന്നു.
ചെയര്മാന് എം.കെ. രാഘവന് എംപി, വൈസ് ചെയര്മാന് കെ.കെ. ഫല്ഗുനന് എന്നിവര്‍ക്കെതിരേയാണ് അഭിമുഖത്തില്‍ പങ്കെടുത്ത കുഞ്ഞിമംഗലം സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് മാടായി ബ്ലോക്ക് വൈസ് പ്രസിഡന്റുമായ ടി.വി നിധീഷ് രംഗത്തെത്തിയത്. 10 ലക്ഷത്തിലേറെ രൂപ വാങ്ങിയാണ് എം.കെ. ധനേഷ്, ഭരത് ഡി.പൊതുവാള് എന്നിവരെ നിയമിച്ചതെന്നാണ് ആരോപണം.