മാടായി പഞ്ചായത്തിലെ ഇരുപതാം വാർഡിൽ വരുന്ന സ്ഥലമാണിത്. മഴക്കാലമായാൽ ഇവിടെ താമസിക്കുന്നവർക്ക് ദുരിതം തന്നെയാണ്. ഈ വാർഡിലെ ജനപ്രതിനിധിയോടും പഞ്ചായത്ത് പ്രസിഡന്റിനോടും നിരവധി തവണ പരാതി പറഞ്ഞിട്ടും പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ വെള്ളക്കെട്ടിൽ ജീവിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
വെങ്ങര പോസ്റ്റ് ഓഫീസിനു സമീപം മഞ്ഞേരി റോഡ് ഭാഗത്തെ വെള്ളക്കെട്ടുമൂലമാണ് പ്രദേശവാസികളുടെ ഈ ദുരിതം. വെള്ളം കെട്ടികിടക്കുന്നതിനാൽ ഇവരുടെ കിണർവെള്ളം പോലും മലിനമായി. സമീപത്തെ റോഡ് ഉയർത്തിയപ്പോൾ വെള്ളം ഒഴുകിപ്പോകാൻ ഓവുചാൽ നിർമിക്കാത്തതാണ് വെള്ളക്കെട്ടിനു കാരണം.
പ്രദേശവാസികളായ വി. ഫൗസിയ, വി. മറിയം, ഫാത്തിമ കരീം, മാളിയേക്കൽ സുബൈദ, സി.കെ. കുഞ്ഞായിശു എന്നിവരുടെ വീടുകളാണ് പ്രധാനമായും ദുരിതത്തിലായിരിക്കുന്നത്. വില്ലേജ് അധികൃതർക്കു പരാതി നൽകിയിട്ടും യാതൊരു നടപടിയും എടുക്കുന്നില്ല. പ്രദേശവാസികൾ ജില്ലാകളക്ടർക്കു പരാതി നൽകിയിട്ടുണ്ട്. ഇനി കളക്ടറിലാണ് ഇവരുടെ പ്രതീക്ഷ.