കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസിൽ “മാഡ’ത്തെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയതായി സൂചന. കേസിലെ പ്രധാനപ്രതിയായ പൾസർ സുനി കീഴടങ്ങുന്നതിനു മുൻപു സഹായമഭ്യർഥിച്ച് രണ്ടു സുഹൃത്തുക്കൾ തന്നെ സമീപിച്ചിരുന്നെന്നും ഇവർ ഒരു മാഡത്തെക്കുറിച്ച് സംസാരിച്ചിരുന്നതായും സരിതാനായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ നടൻ ദിലീപിനെ അറിയിച്ചിരുന്നു. ഫെനി അറിയിച്ച ഈ കാര്യങ്ങൾ ദിലീപ് പോലീസിനു നൽകിയ മൊഴിയിൽ വെളിപ്പെടുത്തിയതോടെയാണു കേസിൽ “മാഡ’ത്തെചുറ്റിപ്പറ്റിയുള്ള അന്വേഷണവും വരുന്നത്.
കേസിലെ പ്രതിയായി ഒളിവിലിരിക്കെ കീഴടങ്ങാനായി പൾസർ സുനി തന്റെ സഹായം തേടിയെന്നു ഫെനി ബാലകൃഷ്ണൻ സ്ഥിരീകരിച്ചു. സുനി കീഴടങ്ങുന്നതിനു മുൻപു സഹായമഭ്യർഥിച്ച് ഇയാളുടെ രണ്ടു സുഹൃത്തുക്കൾ തന്നെ വന്നു കണ്ടിരുന്നു. മഹേഷ്, മനോജ് എന്നീ സുഹൃത്തുക്കൾ മാവേലിക്കരയിൽ വച്ചാണു കണ്ടത്. അന്നു മാവേലിക്കര കോടതിയിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അറിയിക്കാമെന്ന് പറഞ്ഞ് ഇരുവരും മടങ്ങി. പിന്നീട് ചെങ്ങന്നൂരിൽ ഇവർ വീണ്ടും തന്നെ സമീപിച്ചു. കീഴടങ്ങുന്നതു സംബന്ധിച്ച് സംസാരിക്കുന്നതിനിടെ മാഡവുമായി സംസാരിച്ചിട്ട് അറിയിക്കാമെന്നു പറഞ്ഞ് ഇവർ പോയി.
പത്തുമിനിറ്റ് കഴിഞ്ഞു തിരികെ വന്ന ഇവർ വീണ്ടും പിന്നീട് അറിയിക്കാമെന്നു പറഞ്ഞു തിരിച്ചുപോയി. ഇതിനുശേഷം പൾസർ സുനി അറസ്റ്റിലായി ഒരുമാസം കഴിഞ്ഞു ദിലീപിനെ വിളിച്ചു താൻ ഇക്കാര്യങ്ങൾ പറഞ്ഞു. തന്നെ സമീപിച്ചവർ ഒരു മാഡത്തിന്റെ കാര്യം പറഞ്ഞിരുന്നുവെന്നും താങ്കൾക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ജാഗരൂകനായിരിക്കണമെന്നും പറഞ്ഞിരുന്നു. ദിലീപ് ഇക്കാര്യങ്ങൾ ചോദ്യം ചെയ്യലിലിൽ പോലീസിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ തന്നോട് നാളെ ചോദ്യം ചെയ്യലിനു ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫെനി ബാലകൃഷ്ണൻ വ്യക്തമാക്കി.
ഫെനി രണ്ടോ മൂന്നോ തവണ വിളിച്ചെന്നു ദിലീപ് മൊഴി നൽകിയെന്നാണു പോലീസ്വ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാൻ പോലീസ് തയാറായില്ല. നടിയെ ആക്രമിച്ചശേഷം പോകുന്പോൾ പൾസർ സുനി എറണാകുളത്തെ ഒരു വീടിന്റെ മതിൽ ചാടിക്കടന്നുപോകുന്നതു സമീപത്തെ ഒരു സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. സുനിയുമായി അടുപ്പമുള്ള ഒരു സ്ത്രീയുടെ വീടായിരുന്നു ഇതെന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ. ഇവരെയാണോ മാഡം എന്നുദ്ദേശിച്ചതെന്നും വ്യക്തമല്ല. കേസിന്റെ ഗതി തിരിച്ചുവിടാനുള്ള നീക്കമാണോയെന്നും സംശയമുണ്ട്.