കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പരാമര്‍ശിക്കപ്പെട്ട വമ്പന്‍സ്രാവിനെയും മാഡത്തെയും വെറുതെ വിടാന്‍ തീരുമാനം. അന്വേഷണം വഴി തിരിച്ചു വിടാന്‍ ചിലര്‍ പടച്ചു വിട്ട കഥാപാത്രങ്ങളാണിതെന്നാണ് പോലീസിന്റെ നിഗമനം. കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തിലാണ് പോലീസ്. ഗൂഢാലോചനയ്ക്കു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.പിന്നില്‍ മാഡമുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഒട്ടേറെ ചലച്ചിത്രപ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപ് സിനിമകളിലെ നായികയായ നടി, നടി കൂടിയായ ഗായിക എന്നിവരൊക്കെ സംശയനിഴലിലായിരുന്നു. ഒരു ഘട്ടത്തില്‍ ദിലീപിന്റെ ഭാര്യ നടി കാവ്യാമാധവന്റെ അമ്മയുടെ പേരുപോലും വലിച്ചിഴയ്ക്കപ്പെട്ടു. കെട്ടടങ്ങിയ വിഷയം പിന്നീട് ഉയര്‍ത്തിക്കൊണ്ടുവന്നത് സരിതാ നായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനാണ്.
ക്വട്ടേഷന്‍ കേസില്‍ ഹാജരാകാന്‍ പ്രതികള്‍ തന്നെ വന്നു കണ്ടപ്പോള്‍ മാഡത്തെക്കുറിച്ചു സൂചിപ്പിച്ചെന്നായിരുന്നു ഫെനിയുടെ മൊഴി. സംഭവത്തില്‍ കാവ്യാ മാധവന്റെ പ്രേരണയും അറിവുമുണ്ടാകാമെന്ന സാക്ഷിമൊഴിയുള്ളതിനാല്‍ കാവ്യയുടെ പങ്ക് കൂടുതലായി അന്വേഷിക്കണമെന്ന കാര്യത്തില്‍ അന്വേഷണസംഘത്തില്‍ തന്നെ രണ്ടഭിപ്രായമുണ്ട്. വിചാരണ തുടങ്ങിയ ശേഷം ആവശ്യമെങ്കില്‍ ഇക്കാര്യം ആലോചിക്കാമെന്നാണ് നിലവിലെ തീരുമാനം. കേസിലെ പ്രധാനതൊണ്ടിയായ മൊെബെല്‍ ഫോണ്‍ ദുബായിലേക്കു കടത്തിയെന്നാണു പോലീസ് സംശയിക്കുന്നത്.
എന്നാല്‍ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നായിരുന്നു അഡ്വ.പ്രതീഷ് ചാക്കോയുടെ ജൂണിയര്‍ രാജു ജോസഫ് പറഞ്ഞത്. എന്നാല്‍ ഇതു കള്ളമാണെന്നാണ് പോലീസ് പറയുന്നത്. ഈ പോക്ക് പോയാല്‍ മൊബൈല്‍ കണ്ടെടുക്കാന്‍ പോലീസ് കടല്‍ കടന്നേക്കാം.