പത്തനാപുരം: മാടമ്പിയ്ക്ക് കുട ചൂടി കിമ്പളം പറ്റുന്ന പോലിസ് രണ്ട് നീതിയാണ് കാട്ടുന്നതെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആരോപിച്ചു.
അഞ്ചലില്‍ യുവാവിനെ മര്‍ദിക്കുകയും മാതാവിനെ അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ഗണേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് പത്തനാപുരം, തലവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു ബിന്ദുകൃഷ്ണ.
എഡിജിപിയുടെ മകൾക്കും അഞ്ചലിലെ വീട്ടമ്മയ്ക്കും രണ്ട് നീതിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സ്ത്രീത്വത്തെ അപമാനിച്ച എംഎല്‍എ കെ.ബി ഗണേഷ്കുമാറിനെതിരെ കേസെടുക്കാന്‍ പോലീസ് തയാറാകണം. സംഭവസ്ഥലത്തുണ്ടായിരുന്ന അഞ്ചല്‍ സിഐ ക്രമസമാധാനപാലനം നടത്താതെ ഗണേഷ്കുമാറിന് രക്ഷപ്പെടാനുള്ള അവസരം ഉണ്ടാക്കുകയാണ് ചെയ്തത്.
ആദ്യം നൽകിയ പരാതിയില്‍ കേസെടുക്കാതെ എംഎല്‍എയുടെ പി എ പ്രദീപ് വൈകുന്നേരം നൽകിയ പരാതിയില്‍ യുവാവിനും മാതാവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് നീതി നിഷേധമാണ്. പിണറായിയുടെ പോലീസ് നയം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട് തുടങ്ങി.
ഗണേഷ്കുമാര് സ്ത്രീ സമൂഹത്തെ മുഴുവന്‍ ആക്ഷേപിച്ചിരിക്കുകയാണ്. ഇതേപ്പറ്റി കാനം രാജേന്ദ്രന്റേയും വിഎസിന്റേയും അഭിപ്രായമറിയാന്‍ കേരള ജനതയ്ക്ക് താല്പര്യമുണ്ട്. എംഎല്‍എ ബോര്‍ഡ് വച്ച വണ്ടി കാണുന്നത് ജനങ്ങള്‍ക്ക് ഭയമായിത്തുടങ്ങിയെന്നും ബിന്ദുകൃഷ്ണ കൂട്ടിചേര്‍ത്തു.
കോണ്‍ഗ്രസ് പത്തനാപുരം ബ്ലോക്ക് പ്രസിഡന്റ് ചെമ്പനരുവി മുരളി അധ്യക്ഷത വഹിച്ചു. നെടുപറമ്പില്‍ നിന്നും ആരംഭിച്ച പ്രകടനം പത്തനാപുരം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു.
യോഗത്തില്‍ കെപിസിസി നിര്‍വാഹക സമിതിയംഗം സി ആര് നജീബ്, ഭാരവാഹികളായ അലക്സ് മാത്യു, ബാബുമാത്യു, ഡിസിസി ഭാരവാഹികളായ ഷേക് പരീത്, പള്ളിത്തോപ്പില്‍ ഷിബു, റെജിമോന് വര്‍ഗീസ്, തൃദീപ് കുമാര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലത സി നായര്‍, കെഎസ് യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്, കോണ്‍ഗ്രസ് തലവൂര്‍ ബ്ലോക്ക് പ്രസിഡൻറ് ജെ ഷാജഹാന് എന്നിവര്‍ പ്രസംഗിച്ചു.