സ്വന്തം ലേഖകന്‍
തൃശൂര്‍: സത്യത്തില്‍ നീ കുഞ്ഞുകുട്ടനല്ല വലിയ കുട്ടനാണ് മാടമ്പ് വലിയ കുട്ടന്….. ഒരിക്കല്‍ കോവിലനുമൊത്തുള്ള സുഹൃദ് സംഭാഷണത്തിനിടെ മാടമ്പിനോട് കോവിലന് പറഞ്ഞിരുന്നു.
അതെ, കോവിലന് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. എഴുത്തിലും അഭിനയമികവിലും ആനചികിത്സയിലുമെല്ലാം മാടമ്പ് മനയിലെ ഈ കുഞ്ഞുകുട്ടന് വലിയ കുട്ടന് തന്നെയായിരുന്നു.
മാടമ്പ് മനയുടെ തലയെടുപ്പ് എന്നും കുഞ്ഞുകുട്ടനും ഉണ്ടായിരുന്നു. ആര്‍ക്കു മുന്നിലും കുനിയാത്ത തലപ്പൊക്കമായിരുന്നു മാടമ്പ് കുഞ്ഞുകുട്ടനെന്ന ലെജന്റിന്.
കൈവെച്ചതെല്ലാം പൊന്നാക്കി മാറ്റിയ ജന്മമായിരുന്നു മാടമ്പിന്റേത്. സംസ്കൃതത്തിലും ആന ചികിത്സയിലും അസാമാന്യ പാണ്ഡിത്യമായിരുന്നു അദ്ദേഹത്തിന്.
എഴുത്തിന്റെ ലോകത്ത് തന്റേതായ വഴികളിലൂടെയായിരുന്നു മാടമ്പിന്റെ സഞ്ചാരം.
ആധ്യാത്മികതയിലും ഐതിഹ്യങ്ങളിലും മിത്തുകളിലും നല്ല അറിവുണ്ടായിരുന്ന അദ്ദേഹത്തിന്റെ കൃതികളില്‍ അതിന്റെ പ്രതിഫലനം വ്യക്തമായിരുന്നു.
അമൃതസ്യ പുത്രയും ഗുരുഭാവവും ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവിത കഥയാണ്.
കേരള സാഹിത്യ അക്കാദമി പുരസ്കാരം, സഞ്ജയന് പുരസ്കാരം എന്നിവയും 2003-ല്‍ പരിണാമത്തിന്റെ തിരക്കഥയ്ക്ക് ഇസ്രായേലിലെ അഷ്ദോദ് അന്താരാഷ്ട്ര ചലചിത്രോത്സവ പുരസ്കാരവും ലഭിച്ചു.
ചെറുപ്പത്തില്‍ കൊടുങ്ങല്ലൂര്‍ വിദ്യപീഠത്തില്‍ സംസ്കൃത അധ്യാപകനായി മാടമ്പ് ജോലി ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിലെ ശാന്തിക്കാരനായും മാടമ്പ് ജോലി ചെയ്തിട്ടുണ്ട്.
ആകാശവാണിയിലും സേവനമനുഷ്ഠിച്ചു. പൂമുള്ളി ആറാം തമ്പുരാനാണ് ആന ചികിത്സ പഠിപ്പിച്ചത്.
സാഹിത്യത്തില്‍ കോവിലനും തന്ത്ര വിദ്യയില്‍ പരമഭാട്ടാരക അനംഗാനന്ദ തീര്‍ത്ഥ പാദശ്രീ ഗുരുവുമാണ് ഗുരുക്കന്മാര്. തിരമാലകളെ ഉള്ളിലൊളിപ്പിച്ച മഹാസമുദ്രമായിരുന്നു മാടമ്പ്.
ആ കാമുകി ഇപ്പോള്‍ കേഴുന്നുണ്ടാവും…
തൃശൂര്‍: തനിക്കൊരു കാമുകിയുണ്ടെന്ന് ഒരിക്കല്‍ മാടമ്പ് പറഞ്ഞിട്ടുണ്ട്. പ്രകൃതിയോടുള്ള കാഴ്ചപ്പാട് ചോദിച്ചപ്പോഴാണ് പ്രകൃതിയിലുള്ള കാമുകിയെ കുറിച്ച് മാടമ്പ് രസകരമായി പറഞ്ഞത്.
മുള്ളുകളുള്ള മുരിക്കു മരമാണ് മാടമ്പിന്റെ കാമുകി. താനവളെ ചേലയുടുപ്പിക്കാറുണ്ടെന്നും മാടമ്പ് പറഞ്ഞു.
മാടമ്പ് അടുത്തേക്ക് ചെല്ലുമ്പോഴവള് ശരീരത്തിലെ മുള്ളുകളൊക്കെ ഉള്ളിലേക്ക് വലിച്ച് പ്രേമത്തോടെ മൃദുഭാവിയായി നില്ക്കുമത്രെ.
മറ്റുള്ളവര്‍ വരുമ്പോള്‍ മുള്ളുകള്‍ കൂര്‍പ്പിച്ച് പ്രതിരോധിക്കുമത്രെ….
പ്രകൃതിയോടുള്ള മാടമ്പിന്റെ പ്രണയമായിരുന്നു ആ വാക്കുകളില്‍ നിറഞ്ഞത്….
തന്റെ പ്രിയതമന് ഇനി തന്നടുത്തേക്ക് വരില്ലെന്നറിയുമ്പോള്‍ മുള്ളുകള്‍ എന്നന്നേക്കുമായി ഉള്ളിലേക്കൊതുക്കി ആ മുരിക്ക് കേഴുന്നുണ്ടാകും….