കൊല്ലം: അബ്ദുൾ നാസർ മദനിയുടെ ജീവൻ രക്ഷിക്കാൻ രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ തുടങ്ങിയവർ അടിയന്തിരമായി ഇടപെടണമമെന്ന് നാഷണൽ മുസ്ലിം കൗൺസിൽ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ജയിൽവാസത്തിനിടെ ആരോഗ്യപരമായ കാരണത്താൽ ജീവനുവേണ്ടി മല്ലിടുന്ന മദനിയോട് അധികൃതർ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണം. വിചാരണയും കുറ്റപത്ര സമർപ്പണവും ഇല്ലാതെ ഇത്തരത്തിൽ ഒരാളെ ദീർഘകാലം ജയിൽ വാസത്തിന് വിധേയമാക്കുന്നത് അനീതിയും കാടത്തവുമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
കാലിച്ചന്തയിൽ കശാപ്പിനായി കന്നുകാലികളെ വിൽപ്പന നടത്തുന്നതിനുള്ള നിരോധനം ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിയെ കൗൺസിൽ യോഗം സ്വാഗതം ചെയ്തു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എ.റഹിംകുട്ടി അധ്യക്ഷത വഹിച്ചു.
നേതാക്കളായ വൈ.എ.സമദ്, ഡോ.എം.എ.സലാം, സലിം മഞ്ചലി, ജെ.ഇ.അസ്ലം, എം.ഇബ്രാഹിംകുട്ടി, എ.മുഹമ്മദ്കുഞ്ഞ്, തോപ്പിൽ ബദറുദീൻ, ഹംസത്ത് ബീവി, ഇ.ഐഷാബീവി, എ.സഫിയാബീവി, എം.മുംതാസ് ബീഗം തുടങ്ങിയവർ പ്രസംഗിച്ചു.