കൊച്ചി: സുപ്രീംകോടതിയുടെ കനിവില്‍ പിതാവിനെ കാണാനുള്ള ആഗ്രഹത്താലെത്തിയ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി ആഗ്രഹം നിറവേറ്റാനാവാതെ ഇന്ന് ബംഗളൂരുവിലേക്ക് മടങ്ങും.
രോഗാവസ്ഥയില്‍ കിടപ്പിലായ പിതാവിനെ കാണാനായി കഴിഞ്ഞ മാസം 26 നാണ് മദനി കൊച്ചിയിലെത്തിയത്. എന്നാല്‍, നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ യാത്രയ്ക്കിടയില്‍ ശാരീരികാവസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദവും ക്രിയാറ്റിന്‍ അളവ് കൂടിയതും ജന്മനാട്ടിലേക്കുള്ള ചികിത്സയ്ക്ക് തിരിച്ചടിയായി. പിതാവിനെ കൊച്ചിയിലെത്തിച്ച് മകനെ ആകാന്‍ അവസരമൊരുക്കാന്‍ ശ്രമം നടന്നെങ്കിലും അതും വിജയിച്ചില്ല.
സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവ് ഇന്ന് അവസാനിക്കുന്നതിനാലാണ് അഞ്ചുവര്‍ഷമായി കാത്തിരുന്ന ആഗ്രഹം നിറവേറ്റാനാവാതെ മദനി ബംഗളൂരുവിലേക്ക് പോകുന്നത്.
ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മദനി ഇന്ന് 5.30ന് ആശുപത്രി വിടും. 12 ദിവസത്തേക്ക കേരളത്തിലെത്തിയ മദനി ഇന്ന് രാത്രി 9.20 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശേരിയില്‍നിന്നാണ് ബംഗളൂരുവിലേക്ക് പോകുന്നത്.
ഭാര്യ സൂഫിയ മദനിയും പിഡിപി നേതാക്കളും കൂടെയുണ്ടാകും. മദനിക്ക് അടിയന്തിരമായ ഡയാലിസിസ് നടത്തണമെന്നും കിഡ്നികള്‍ മാറ്റിവയ്ക്കണമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് പിഡിപി കേന്ദ്രകമ്മിറ്റിയംഗം ടി.എ. മുജീബ് റഹ്മാന് പറഞ്ഞു.
മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഇന്ന് രാവിലെ മദനിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.