കോഴിക്കോട്: പോലീസിനെതിരേ പ്രതിഷേധിച്ച കേസിൽ ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകനും മുൻ നക്സലൈറ്റ് നേതാവുമായ ഗ്രോ വാസുവിനെ ജയിലിൽ സന്ദർശിച്ച് പിഡിപി നേതാവ് അബ്ദുൾനാസർ മദനിയുടെ മകൻ സലാഹുദീൻ അയൂബി.
എന്റെ ബാപ്പച്ചിയെ പോലീസ് അറസ്റ്റു ചെയ്തപ്പോൾ ആദ്യമായി ഓടിയെത്തിയത് ഗ്രോ വാസുവേട്ടനായിരുന്നുവെന്ന് സന്ദർശനത്തിനുശേഷം സലാഹുദീൻ അയൂബി പ്രതികരിച്ചു.
കോഴിക്കോട് സബ് ജയിലിലെത്തിയാണ് അദേഹം ഗ്രോ വാസുവിനെ സന്ദർശിച്ചത്. ഒരാഴ്ചയായി ജയിലിൽ കഴിയുകയാണ് 94കാരനായ ഗ്രോ വാസു.
നിലന്പൂർ കരുളായിയിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ പോലീസിന്റെ വെടിയേറ്റ് മരിച്ചതിൽ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഗ്രോ വാസു ജയിലിൽ കഴിയുന്നത്.
കോടതി ജാമ്യം അനുവദിച്ചുവെങ്കിലും അതിനു തയാറാകാതെ ഗ്രോ വാസു ജയിലിൽ പോവുകയായിരുന്നു. ഗ്രോ വാസുവിനോട് അടുത്ത ബന്ധമുള്ള പലരും ജയിലിലെത്തി തീരുമാനത്തിൽനിന്നു പിന്തിരിയണമെന്ന് അഭ്യർഥിച്ചുവെങ്കിലും അദേഹം വഴങ്ങിയിട്ടില്ല.
ഓഗസ്റ്റ് 11 വരെയാണ് ഗ്രോവാസുവിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അന്ന് വീണ്ടും കോടതിയിൽ ഹാജരാക്കുന്പോൾ താൻ ജാമ്യത്തിലിറങ്ങില്ലെന്നുതന്നെയാണ് ഗ്രോവാസുവിന്റെ നിലപാട്.
കേസ് തീർപ്പാക്കി ഗ്രോ വാസുവിനെ നിരുപാധികമായി വിട്ടയക്കണമെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം.
ഈ വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ മനുഷ്യാവകാശ പ്രവർത്തകരുടെ കൂട്ടായ്മ ശ്രമം നടത്തുന്നുണ്ട്.