എസ്.ആർ. സുധീർകുമാർ
കൊല്ലം: ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ച പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയെ നാട്ടിലെത്തിക്കാൻ തിരക്കിട്ട നീക്കങ്ങൾ സജീവമായി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് മദനിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച കരുനാഗപ്പള്ളിയിൽ എത്തിയ വേണുഗോപാലിനെ മദനിയുടെ ബന്ധുക്കൾ നേരിൽ സന്ദർശിച്ച് പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് അഭ്യർഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വേണുഗോപാൽ കർണാടക മുഖ്യമന്ത്രിയും അവിടത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ആശയ വിനിമയം നടത്തി.
കർണാടക സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന ഉറപ്പ് ലഭ്യമായതായാണ് വിവരം. യാത്രാ ചെലവിന്റെ കാര്യത്തിൽ ഇളവ് നൽകണം എന്ന ആവശ്യവുമായാണ് മഅദനിയുടെ ബന്ധുക്കൾ കെ.സി.വേണുഗോപാലിനെ കണ്ടത്.
യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഡിസിസി പ്രസിസന്റ് പി.രാജേന്ദ്രപ്രസാദും സി.ആർ. മഹേഷ് എംഎൽഎയും ഒപ്പമുണ്ടായിരുന്നു.
മദനിക്ക് രോഗബാധിതനായ പിതാവിനെ കാണുന്നതിന് അടക്കം ലഭിച്ച ജാമ്യ വ്യവസ്ഥയിലെ ഇളവിന് ഇനി രണ്ട് മാസത്തോളം മാത്രമാണ് അവശേഷിക്കുന്നത്.
ഏപ്രിൽ 27നാണ് സുപ്രീം കോടതി ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയത്. ജൂലൈ എട്ടു വരെ കേരളത്തിൽ തങ്ങാനാണ് മദനിക്ക് കോടതി അനുമതി നൽകിയത്.
കർണാടക പോലീസിന്റെ സുരക്ഷയിൽ കേരളത്തിൽ പോയി വരണമെന്നും ഇതിനുള്ള ചെലവുകൾ മദനി തന്നെ വഹിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു.
പ്രതിമാസം 20 ലക്ഷം രൂപ ചെലവാകുമെന്നും 82 ദിവസത്തേയ്ക്ക് 52 ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നും കർണാടകയിലെ അന്നത്തെ ബിജെപി സർക്കാർ ഉപാധി വച്ചു. ഇതോടെയാണ് മദനിയുടെ നാട്ടിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായത്.
യാത്രാ ചെലവിന്റെ കാര്യത്തിൽ ഇളവ് നൽകണം എന്ന ആവശ്യം ഉന്നയിച്ച് മദനിയുടെ ബന്ധുക്കൾ മുഖ്യമന്ത്രിയെയും സന്ദർശിച്ചിരുന്നു. മദനിയുടെ യാത്രാ ചെലവ് കേരള സർക്കാർ വഹിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.
ഇക്കാര്യത്തിൽ സുപ്രീം കോടതിയോ കർണാടക സർക്കാരോ അനുകൂല നിലപാട് എടുക്കാൽ മദനിക്ക് കേരളത്തിൽ എത്താനാകും.
അത്തരത്തിൽ ഒരു രാഷ്ട്രീയ നീക്കവും തകൃതിയായി നടക്കുന്നുണ്ട്. വിദേശത്തുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയാൽ അത്തരത്തിലുള്ള നീക്കം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.