കോഴിക്കോട്: മടപ്പള്ളി ഗവണ്മെന്റ് കോളജിലെ ബോട്ടാണിക്കല്‍ ഗാര്ഡന് നശിപ്പിക്കാനുള്ള നീക്കത്തിനെതിരേ പരിസ്ഥിതി സ്നേഹികളും അധ്യാപകരും വിദ്യാര്‍ഥികളും രംഗത്ത്. ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാനായത്.
വേനലവധിയുടെ മറവില്‍ ജൈവോദ്യാനം വെട്ടിനിരത്താന്‍ ഒരുങ്ങുന്നത് വിവിധ സസ്യജന്തു ജാലങ്ങളെ ഇല്ലാതാക്കുമെന്ന് പരിസ്ഥിതി സ്നേഹികള്‍ ചൂണ്ടിക്കാണിക്കുന്നു.. പറക്കുംപാമ്പും പറക്കും ഓന്തുമുള്പ്പെടെ കഴിയുന്ന ചെറുവനംപോലെ നിലകൊള്ളുന്ന ജൈവസമ്പത്തിനെ നശിപ്പിക്കാനുള്ള നീക്കം ചെറുക്കുമെന്നും അവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
വേനലവധിക്കാലത്ത് വിദ്യാര്‍ത്ഥികളാരും കോളേജിലില്ലാത്ത സമയത്താണ് പ്രിന്‍സിപ്പലിന്റെയും അധികാരികളുടെയും ഭാഗത്ത് നിന്ന് ഇത്തരത്തില്‍ തിടുക്കപ്പെട്ടൊരു നടപടിയുണ്ടായിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും, പൂര്‍വ്വ വിദ്യാര്‍ത്ഥികലും, അദ്ധ്യാപകരും മറ്റുജീവനക്കാരുമെല്ലാം എത്തിയിട്ടുണ്ട്.
ഇന്ന് കോളേജില്‍ ഇവരുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായമയും നടക്കും. നേരത്തെ വെട്ടിമാറ്റാന്‍ വേണ്ടി നമ്പറിട്ടിരുന്ന മുപ്പതിലധികം വരുന്ന മരങ്ങളിലെ നമ്പറുകള്‍ കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ മായ്ച്ച് കളഞ്ഞു.
കേവലമൊരു ബോട്ടാണിക്കല്‍ ഗാര്ഡനെന്നതിനപ്പുറത്ത് ഈ പ്രദേശം മടപ്പള്ളി കോളജിന്റെ ഒരു മുഖമുദ്ര തന്നെ ആണ് മടപ്പള്ളി കോളേജിനെ കുറിച്ചുള്ള ഓര്‍മകളില്‍ ബോട്ടാണിക്കല്‍ ഗാര്ഡനില്ലാത്ത പൂര്‍വ്വ വിദ്യാര്‍ത്ഥികളാരും തന്നെയുണ്ടാകില്ല. അത്രത്തോളം വൈകാരികമായ ബന്ധം തന്നെയുണ്ടാകും ഒരിക്കലെങ്കിലും മടപ്പള്ളി കോളേജില്‍ പോയവര്‍ക്ക് ഈയൊരു പ്രദേശത്തോട്.
ജൈവവൈവിധ്യത്തിന്റെ കലവറയായ ഈ പ്രദേശം വെട്ടിനിരത്തിയാണ് പിടിഎയോ, കോളേജ് യൂണിയനോ അറിയാതെ പ്രിന്‍സിപ്പളിന്റെ നേതൃത്വത്തില്‍ തിടുക്കപ്പെട്ട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി പദ്ധതികളൊരുങ്ങുന്നതെന്നാണ് ആക്ഷേപം.
മഞ്ഞവാക, ചുവപ്പ് വാക, പ്ലാവ്, ഞാവല്‍, മഹാഗണി, മരുത്, ആല്‍മരം, ചമത, വേഗന, മുള്ളുവേങ്ങ, ചെമ്പകം, കുന്നിമരം, ഉങ്ങ്, മന്ദാരം, കുടംപുളി, ഇടല തുടങ്ങി പേരറിയുന്നതും അല്ലാത്തതുമായി നിരവിധ മരങ്ങളാണ് ഇവിടെയുള്ളത്.
ഈ ഇനങ്ങളില്‍ പെട്ട 38 മരങ്ങളിലാണ് ഫോറസ്റ്റ അധികൃതര്‍ കോളേജിന്റെ നിര്‍ദ്ദേശം അനുസരിച്ച് മുറിക്കാനായി അടയാളമിട്ടിരുന്നത്. നിരവധിയായിരിക്കുന്ന ഇത്തരം മരങ്ങള്‍ക്കപ്പുറം നിരവധി ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ കൂടിയാണ് മാച്ചിനാരിയെന്ന മടപ്പള്ളിക്കോളേജിന്റെ ഈ ഹൃദയ ഭാഗം.
വടക്കന്‍ മലബാറിലെ കാവുകളില്‍ കാണുന്ന പറക്കുന്ന പാമ്പ് (Ornate flying – nsake ), ഉടുമ്പ്, പറക്കുന്ന ഓന്ത് (Draco), അണലി, മൂര്ക്കന്, ചേര, അരണ, ഓന്ത് തുടങ്ങിയ ഉരഗങ്ങളെ ഇവിടെ കാണാം.
ഹിമാലയത്തില്‍ നിന്നും കേരളത്തിലേക്ക് ശൈത്യകാലത്ത് ദേശാടനം നടത്തുന്ന കാവി( Indian pitta ), നാക മോഹന്‍ ( Paradise Flycatcher ), വെള്ളിമൂങ്ങ ( Barn Owl ), ചെവിയന്‍ നത്ത് (Indian Scopes Owl), പ്രാപിടിയന്‍ (Shikra), മഞ്ഞക്കിളി (Indian Golden Oriole), ചുട്ടി പരുന്ത് (Crested Serpent Eagle), മലമ്പുള്ള് (Crested goshawk) തുടങ്ങിയ പക്ഷികളുടെയും ചുണയന് കീരി, കുറു നരി പോലുള്ള സസ്തനികളുടെയും എണ്ണിയാല്‍ ഒടുങ്ങാത്ത ഷഡ്പദങ്ങളുടെയും ആവാസ കേന്ദ്രത്തെ കൂടിയാണ് ഇത്തരത്തില്‍ സ്റ്റേഡിയത്തിന്റെ പേരില്‍ നശിപ്പിക്കാന്‍ ഒരുങ്ങുന്നത്.
കോളജിനകത്ത് സ്റ്റേഡിയം നിര്മിക്കാനനുയോജ്യമായ വേറെയും സ്ഥലമുണ്ടെന്നിരിക്കെ ഇത്ര തിടുക്കപ്പെട്ട ജൈവവൈവിധ്യത്തെ നശിപ്പിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് നേരത്തെ മടപ്പള്ളി കോളേജില്‍ വച്ച് നടന്ന ഗ്രീന്‍ ഫെസ്റ്റിന് വന്നവരുടെയെല്ലാം ശ്രദ്ധാകേന്ദ്രവും ആശ്ചര്യവുമായിരുന്നു കോളേജിനകത്തെ ജൈവവൈവിധ്യ കലവറ.
കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് ഒഞ്ചിയം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മടപ്പള്ളി കോളേജ് മലബാര്‍ മേഖലയിലെ പ്രധാനപ്പെട്ടൊരു കലാലയമാണ്. ഐക്യകേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ കലാലയങ്ങളില്‍ ഒന്ന് കൂടിയാണ് മടപ്പള്ളി കോളേജ്.