റാന്നി: മാടത്തരുവി ടൂറിസം പദ്ധതി യാഥാർഥ്യത്തിലേക്ക്. ഇതോടെ സംസ്ഥാന ടൂറിസം ഭൂപടത്തിൽ മാടത്തരുവി എത്തിപ്പെടുമെന്ന് നാട്ടുകാർക്ക് പ്രതീക്ഷ. പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലൂടെയാണ് മാടത്തരുവി വലിയതോട് ഒഴുകുന്നത്. തോട്ടിലെ കുത്തനെയുള്ള പാറക്കെട്ടിലൂടെ താഴേക്ക് ശക്തിയായി നയനമനോഹരമായ വെള്ളച്ചാട്ടമാണ് മാടത്തരുവിയുടെ പ്രധാന ആകർഷണം.
ചെറുതും വലുതുമായ നിരവധി പാറക്കൂട്ടങ്ങളാൽ സമൃദ്ധമാണ് മാടത്തരുവി. വെള്ളച്ചാട്ടത്തിനൊപ്പം കലപ്പക്കുഴി, യക്ഷിക്കുഴി, മുറംചാരി കുഴി എന്നിവയും സഞ്ചാരികളെ ആകർഷിച്ചു വരുന്നു. ഇവയെക്കുറിച്ചൊക്കെ നൂറ്റാണ്ടുകൾക്കു മുന്പ് തന്നെ ഐതിഹ്യം നിലനിൽക്കുന്നതായി നാട്ടുകാർ പറയുന്നു.
പതഞ്ഞുയരുന്ന അരുവിയിലെ വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിക്കാൻ നിരവധിയാളുകൾ ഇവിടേക്ക് എത്താറുണ്ട്. കടുത്ത വേനലിലും അരുവിയിലെ വെള്ളം വറ്റാറില്ലെന്നതും പ്രത്യേകതയാണ്.
മന്ദമരുതി – കക്കുടിമൺ റോഡിൽ മാടത്തരുവി ജംഗ്ഷനിൽ നിന്നും 300 മീറ്റർ ദൂരത്തിലാണ് മാടത്തരുവി വെള്ളച്ചാട്ടം. പ്രധാന റോഡിലൂടെ പോയാൽ വെള്ളച്ചാട്ടം കാണാൻ കഴിയില്ല. ഇവിടേക്ക് എത്തിച്ചേരാൻ വഴിയില്ലാത്തതിനാൽ മാടത്തരുവി ടൂറിസം പദ്ധതി പാതിവഴിയിലായിരുന്നു.
പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി മുൻകൈയെടുത്ത് ചർച്ച നടത്തിയതിനേത്തുടർന്ന് സ്ഥലം ഉടമകളായ ചെങ്ങോട്ടയിൽ കെ.സി. ഏബ്രഹാം, പുളിക്കമണ്ണിൽ പി.ബി. മോഹൻദാസ് എന്നിവർ ഇവിടേക്ക് വഴി നിർമാണത്തിനായി 28 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനല്കാമെന്നു സമ്മതിച്ചു.
മന്ദമരുതി എംഡി യുപി സ്കൂളിൽ നടന്ന ഗ്രാമസഭയിൽ വസ്തു നല്കുന്നതു സംബന്ധിച്ച രേഖകളും സമ്മതപത്രവും ഉടമകൾ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസിനു കൈമാറി. ഇതോടെ പതിറ്റാണ്ടുകളായുള്ള ഒരു നാടിന്റെ സ്വപ്നം പൂവണിയുമെന്ന സന്തോഷത്തിലാണ് നാട്ടുകാർ.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി രാജീവ്, പൊന്നി തോമസ്, പഞ്ചായത്തംഗങ്ങളായ അനു റ്റി. സാമുവേൽ, ലാലി ജോസഫ്, ബെറ്റ്സി കെ. ഉമ്മൻ എന്നിവർ പങ്കെടുത്തു.