ആലപ്പുഴ/ അന്പലപ്പുഴ: ശക്തമായ വെള്ളപ്പൊക്കത്തിൽ ഇന്നലെയും ഇന്നുമായി ഒന്‍പതിടത്ത് മടവീണു. മടവീഴ്ചയെത്തുടർന്ന് വെള്ളം കയറി പാടശേഖരങ്ങളിലെ കൃഷി നശിച്ചു. കൈനകരി വലിയതുരുത്ത്, മീനപ്പള്ളി, ചന്പക്കുളം മൂലേപ്പള്ളിക്കാട്, പടച്ചാൽ, പുളിങ്കുന്ന് ആലത്താപ്പടി മാടന്പാക്കം, കാവാലം മണലേരിക്കൽ, പൊങ്ങ പൂപ്പള്ളി പാടശേഖരം, അയ്യനാട് പാടശേഖരം, പുന്നപ്ര വെട്ടിക്കരി പാടശേഖരങ്ങളിലാണ് മടവീണത്.
ഇന്ന് രാവിലെ എട്ടോടെയാണ് വെട്ടിക്കരി പാടത്ത് മടവീണത്. ശക്തമായ ഒഴുക്കിൽ പുറംബണ്ട് തകർന്ന് വെള്ളം പാടത്തേക്ക് ഇരച്ചുകയറുകയായിരുന്നു. വിതകഴിഞ്ഞ് 15 ദിവസത്തോളമായി. 520 ഏക്കറുള്ള പാടശേഖരത്ത് 260 ഓളം കർഷകരാണുള്ളത്.
സർക്കാർ നൽകിയ സബ്സിഡി വിത്തുകൾക്കു പുറമെ കൂടുതൽ വിത്ത് സ്വന്തംനിലക്കു വാങ്ങി കർഷകർ വിതച്ചിരുന്നു. മട വീണതോടെ വൻ സാന്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.