മങ്കൊന്പ്: തികച്ചും അപ്രതീക്ഷിതമായി ജലനിരപ്പുയർന്നത് കുട്ടനാട്ടുകാരിൽ ആശങ്കയ്ക്കിടയാക്കുന്നു. ഞായറാഴ്ച രാത്രിവരെ കാര്യമായ ഭീഷണിയില്ലായിരുന്നെങ്കിലും ഇന്നലെ രാവിലെ മുതലാണ് ജലനിരപ്പു ക്രമാതീതമായി ഉയർന്നത്.
ഇതോടെ പ്രധാന റോഡുകൾ, പുരയിടങ്ങൾ, നാട്ടുവഴികൾ ഇവയെല്ലാം തന്നെ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തെത്തുടർന്ന് കുട്ടനാട്ടിൽ പുഞ്ചകൃഷിക്കായി തയാറെടുക്കുന്ന പാടശേഖരങ്ങളിൽ മടവീഴ്ചയുണ്ടായത് കുട്ടനാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്. ശരാശരി ജലനിരപ്പിൽ നി്ന്നും ഏകദേശം ഒന്നരയടിയോളമാണ് വെള്ളം പൊങ്ങിയിരിക്കുന്നത്. പ്രധാന പാതയായ എസി റോഡിൽ പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഗ്രാമീണറോഡുകളെല്ലാം തന്നെ വെള്ളപ്പൊക്കത്തിന്റെ പിടിയിലമർന്നുകഴിഞ്ഞു.
നിലമൊരുക്കലിന്റെ ഭാഗമായി പാടശേഖരങ്ങളിൽ വെള്ളം വറ്റിച്ചുതുടങ്ങിയത് നല്ലൊരു ശതമാനം ആളുകൾക്കും ആശ്വാസമാകുന്നുണ്ട്. എന്നാൽ പരക്കെയുണ്ടാകുന്ന മടവീഴ്ച ഇവരുടെ ഉറക്കം കെടുത്തുന്നുണ്ട്. എന്നാൽ കൃഷിക്കായി വെള്ളംവറ്റിച്ച പാടശേഖരങ്ങളുടെ സമീപത്തു താമസിക്കുന്ന വീട്ടുകാരുടെ ആശങ്കകൾ ഒഴിയുന്നില്ല. സീപത്തെ ജലാശയങ്ങളിൽ നിന്നും പാടത്തേയ്ക്കു കവിഞ്ഞുകയറുന്ന വെള്ളമാണ് ഇവർക്കു ഭീഷണിയാകുന്നത്. മടവീഴചയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഇരന്പിക്കയറുന്ന വെള്ളം വീടുകൾക്കു നാശം സൃഷ്ടിക്കാനിടയുണ്ട്.
വൻതോതിൽ മണ്ണൊലിപ്പും സംഭവിക്കുന്നുണ്ട്. റോഡുകളിലെ വെള്ളക്കെട്ടുഗതാഗത തടസവും സൃഷ്ടിക്കുന്നുണ്ട്. ജലനിരപ്പുയർന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾക്കായി കുട്ടനാട് താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകൾ തുറന്നു.
എന്നാൽ എവിടെയും ദുരിതാശ്വാസ ക്യാന്പുകളോ, കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളോ ആരംഭിച്ചിട്ടില്ല. കെഎസ്ആർടിസി ഇന്നലെയും പതിവുപോലെ സർവീസുകൾ നടത്തി. ജലനിരപ്പുയർന്നതോടെ കാവാലം, പുളിങ്കുന്ന ജങ്കാർ സർവീസുകൾ ഇന്നു പ്രവർത്തിക്കുന്ന കാര്യം സംശയമാണ്.