ആലപ്പുഴ: പ്രളയ ദുരിതാശ്വാസ നടപടിയുടെ ഭാഗമായി മടവീഴ്ചയുണ്ടായ 54 പാടശേഖര സമിതികൾക്ക് മട കുത്തുന്നതിനായി എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം തുക മുൻകൂറായി 56.90 ലക്ഷം രൂപയുടെ അടിയന്തര ധനസഹായം കൃഷി വകുപ്പിൽനിന്നും അനുവദിച്ചു. മടവീഴ്ച സംഭവിച്ച പാടശേഖരങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മട കുത്തുന്നതിനുള്ള നടപടികൾ പാടശേഖര സമിതികൾ സ്വീകരിച്ചിട്ടുണ്ട്.
കൈനകരി പഞ്ചായത്തിൽ 27.54 ലക്ഷം രൂപയും ചന്പകുളം പഞ്ചായത്തിൽ 3.44 ലക്ഷം രൂപയും കരുവാറ്റ പഞ്ചായത്തിൽ 50,000 രൂപയും അന്പലപ്പുഴ നോർത്ത് പഞ്ചായത്തിൽ 20,000 രൂപയും അന്പലപ്പുഴ സൗത്ത് പഞ്ചായത്തിൽ 56,000 രൂപയും തകഴി പഞ്ചായത്തിൽ 5.84 ലക്ഷം രൂപയും നെടുമുടി പഞ്ചായത്തിൽ 1.61 ലക്ഷം രൂപയും എടത്വ പഞ്ചായത്തിൽ 3.88 ലക്ഷം രൂപയും പുന്നപ്ര നോർത്ത് പഞ്ചായത്തിൽ 46,000 രൂപയും പുന്നപ്ര സൗത്ത് പഞ്ചായത്തിലും പുറക്കാട് പഞ്ചായത്തിലും ഒരുലക്ഷം രൂപ വീതവും പുളിങ്കുന്ന് പഞ്ചായത്തിൽ 3.50 ലക്ഷം രൂപയും ആലപ്പുഴ മുൻസിപ്പാലിറ്റിയിൽ 7.37 ലക്ഷം രൂപയുടേയും ധനസഹായമാണ് അനുവദിച്ചിരിക്കുന്നത്. കൃഷി വകുപ്പിൽ നിന്നും ദ്രുതകർമ സേനയെ മട കുത്തുന്നത് നിരീക്ഷിക്കുന്നതിനായി പ്രിൻസിപ്പൽ കൃഷി ഓഫീസർ നിയോഗിച്ചു.