ചാണ്ടിക്ക് പിന്നാലെ തുലാവർഷവും..! വിത നടക്കുന്നതിനിടെ മാണിക്യമംഗലം കായലിൽ മടവീണ് കോടികളുടെ നഷ്ടം 

മങ്കൊമ്പ്: കിഴക്കൻ മേഖലയിലെ ശക്തമായ മഴയെത്തുടർന്ന് കുട്ടനാടൻ ജലാശയങ്ങളിൽ ജലനിരപ്പുയർന്നതിനാൽ കാവാലം കൃഷിഭവൻ പരിധിയിൽ വരുന്ന മംഗലം മാണിക്യമംഗലം കായലിൽ മടവീണു. 1,004 ഏക്കർ വരുന്ന കായലിൽ പുഞ്ചകൃഷിക്കായി വിത പുരോഗമിക്കുന്നതിനിടെയാണ് മടവീഴ്ച സംഭവിച്ചത്.

പുലർച്ചെ അഞ്ചോടെ പടിഞ്ഞാറെ ബണ്ടിലുള്ള കുഴിയാംപാക്കൽ ചിറയിലാണ് മടവീണത്. ആറ്റിൽ നിന്നുള്ള വെള്ളത്തിന്‍റെ സമ്മർദ്ദത്തെത്തുടർന്ന് പാടത്തേയ്ക്കു വെള്ളം കയറ്റാനായി സ്ഥാപിച്ചിരുന്ന തൂന്പ് തള്ളിപ്പോകുകയും, വെള്ളം ഇരച്ചുകയറുകയുമയിരുന്നു. വെള്ളത്തിന്‍റെ കുത്തൊഴുക്കിനെത്തുർന്ന് 25 മീറ്ററോളം ദൂരത്തിലെ പുറംബണ്ട് ഒലിച്ചുപോയി.

വിവരമറിഞ്ഞെത്തിയ പാടശേഖര സമിതി ഭാരവാഹികളും കർഷകരും ചേർന്ന് മടകുത്താൻ നടത്തിയ ശ്രമങ്ങൾ ഫലംകണ്ടില്ല. പുഞ്ചകൃഷിക്കായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവിടെ വിതയാരംഭിച്ചത്. പകുതിയിലേറെ നിലങ്ങളിൽ വിത പൂർത്തിയായിക്കഴിഞ്ഞിരുന്നു. അവശേഷിക്കുന്ന കർഷകർ വിതയ്ക്കുന്നതിനായി വിത്തു തയാറാക്കിക്കഴിഞ്ഞിരുന്നു. ഏകദേശം ഒരു കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കർഷകർ പറയുന്നു.

Related posts