ടി.ജി.ബൈജുനാഥ്
മൊബൈലും ലാപ്ടോപ്പും സ്മാർട്ട് ടിവിയുമുള്ള ഒരു കാലഘട്ടത്തിനു മുന്പ് നമ്മൾ ഇങ്ങനെയായിരുന്നു, നമുക്ക് ഇങ്ങനെയൊരു കാലമുണ്ടായിരുന്നു, അന്ന് നമ്മൾ ഇങ്ങനെയാണു ജീവിച്ചത് എന്നതിന്റെ ഒാർമപ്പെടുത്തലുമായി ഒരു സിനി മ വരികയാണ്.
ഒരു നൊസ്റ്റാൾജിക് പീര്യോഡിക് സിനിമ. ദേശീയപുരസ്കാരം നേടിയ ആളൊരുക്കത്തിനു ശേഷം വി.സി. അഭിലാഷ് രചന യും സംവിധാനവും നിർവഹിച്ച ‘സബാഷ് ചന്ദ്രബോസ്’.
‘വിഷ്ണു ഉണ്ണികൃഷ്ണൻ – ജോണി ആന്റണി കോംബോയിൽ ഫാമിലി ത്രില്ലർ മൂഡിൽ ഒരു സാമൂഹികകഥ പറയുകയാണ്.
1986 കാലഘട്ടത്തിലെ കേരളത്തിലെ ഒരു ഗ്രാമഭൂമികയിലെ രസകരമായ ചില കാര്യങ്ങളാണ് സിനിമ പറയുന്നത്. അത് എല്ലാവരെയും കണക്ട് ചെയ്യും; നിങ്ങൾ ഗ്രാമാനുഭവമുള്ളവരാണെങ്കിൽ പ്രത്യേകിച്ചും.’- വി.സി. അഭിലാഷ് പറയുന്നു.
നെടുമങ്ങാടിന്റെ കഥയാണ്
‘ ആളൊരുക്കം ചെയ്ത ഞാൻ ആയിരുന്നില്ല
സബാഷ് ചന്ദ്രബോസിലേക്ക് എത്തിയപ്പോൾ’ –
വി.സി. അഭിലാഷ് പറയുന്നു. ‘അക്കാദമിക്കലായി ഏറെ അംഗീകാരം കിട്ടിയതിനാൽ ആളൊരു ക്കവുമായി ഫിലിം സൊസൈറ്റികളിലും വിദേശ രാജ്യങ്ങളിലും പോകാനായി. എന്റെ കാഴ്ചപ്പാടുകളിൽ മാറ്റംവന്നു.
കൂടുതൽ വിശാലമായ ഒരു ലോകത്തേക്കു ഞാൻ പോവുകയായിരുന്നു. ആളൊരുക്കം പോലെയല്ലാതെ വേറൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായി. സബാഷ് ചന്ദ്രബോസിന്റെ സ്പാർക്ക് എന്റെ തന്നെ പഴയൊരു ചെറുകഥയിൽ നിന്നാണ് ’
‘ ആ ചെറുകഥയുടെ സ്പാർക്ക് ഉണ്ടായത് എന്റെ പഴയ ചില ഓർമകളിൽ നിന്നാണ്. അയൽവീട്ടിൽ പോയിരുന്നു ടിവി കണ്ട ഒരു ബാല്യമായിരിക്കുമല്ലോ ഒരുവിധത്തിൽപ്പെട്ട എല്ലാ മലയാളികൾക്കും.
90 കളിൽ ജനിച്ച കുട്ടികൾക്കുപോലും അത്തരമൊരു ബാല്യമുണ്ടായിരുന്നിരിക്കണം. അന്നു പല വീടുകളിലും ടിവി എത്തിയത് നാഷണൽ ഗെയിംസ് അല്ലെങ്കിൽ ഒളിന്പിക്സ് വരുന്നു എന്നതുകൊണ്ടാണ്.
അല്ലെങ്കിൽ, ഇന്ദിരാഗാന്ധിയോ രാജീവ് ഗാന്ധിയോ അധികാരത്തിലേറുന്നതു കാണാനാണ്. ആ കാലഘട്ടത്തിന്റെ പുനർകാഴ്ചയാണ് ഈ സിനിമ.
ഈ സിനിമയുടെ എല്ലാം ഒരു ഗ്രാമമാണെന്നു ഞാൻ വിശ്വസിക്കുന്നു. അത് എന്റെ നാടാണ്, എന്റെ നെടുമങ്ങാടാണ്, എന്റെ നെടുമങ്ങാടിന്റെ നാട്ടുവഴക്കങ്ങളാണ്.’
സബാഷ്…ചന്ദ്രബോസ്!
വിഷ്ണു ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന കഥാപാത്രമാണു ചന്ദ്രബോസ്. ചന്ദ്രബോസ് ഒരു തൊഴിലാളിയാണ്. പാവപ്പെട്ട വീട്ടിലെ അംഗമാണ്.
അമ്മയും രണ്ടു സഹോദരിമാരും ഒരു സഹോദരിയുടെ മകനുമടങ്ങുന്നതാണ് അയാളുടെ കുടുംബം. അച്ഛൻ നേരത്തേ മരിച്ചുപോയി. ഇങ്ങനെയൊക്കെ കേൾക്കുന്പോൾ അയാളൊരു പാവത്താനാണെന്നു കരുതിയാൽ തെറ്റിയെന്ന് അഭിലാഷ് പറയുന്നു.
‘ വളരെ കുഴപ്പങ്ങളുണ്ടാക്കുന്ന, അയൽവീട്ടിലെ പയ്യന്മാരുടെ സ്വഭാവമുള്ള ഒരാളാണ്. ചന്ദ്രബോസ് ഒരു സമയത്ത് ഒരു നല്ലകാര്യം ചെയ്യുന്നുണ്ട്.
ആ നല്ലകാര്യം സിനിമയുടെ അവസാനമാണു സംഭവിക്കുന്നത്. അതിന് അയാൾക്കു കൊടുക്കുന്ന അഭിനന്ദനമായി സബാഷ്….ചന്ദ്രബോസ് എന്നു ഞങ്ങൾ പറയുന്നു.’
ഒറ്റയടിക്ക് ഏഴെട്ടു സ്ളാംഗുകൾ!
നെടുമങ്ങാട് എന്ന നാട്ടിൻപുറത്ത് 86 കാലഘട്ടത്തിൽ ജീവിക്കുന്നയാളാണ് ചന്ദ്രബോസ്. നെടുമങ്ങാടിന്റെ തനതുഭാഷ കൊച്ചിക്കാരനായ വിഷ്ണു എങ്ങനെ അവതരിപ്പിക്കും എന്നതിൽ ആശങ്കയുണ്ടായിരുന്നതായി അഭിലാഷ്.
‘ അതു വിഷ്ണുവിനോടു പങ്കുവച്ചപ്പോൾ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഏഴെട്ടു സ്ലാംഗുകൾ ഒറ്റയടിക്ക് എനിക്കു കേൾപ്പിച്ചുതന്നു. ഞാൻ അന്തം വിട്ടുപോയി; തിരുവനന്തപുരം സ്ളാംഗ് എന്നെക്കാൾ പെർഫക്്ഷനോടെ വിഷ്ണു പറയുന്നുണ്ട്.
വിഷ്ണുവിന് ഈ വേഷം പറ്റുമെന്ന് ഞാൻ ഉറപ്പിച്ചു. റോളുകൾ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിച്ചാൽ നാളെ നവാസുദീൻ സിദ്ദിഖിയുടേതു പോലെയുള്ള പ്രതിഭാതലത്തിലേക്ക് ഉയരാൻ കഴിവുള്ള നടനാണ് വിഷ്ണുവെന്ന് ഷൂട്ടിംഗ് തുടങ്ങി രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ഒരഭിമുഖത്തിൽ ഞാൻ പറഞ്ഞിരുന്നു. വിഷ്ണു അസാധ്യ പെർഫോർമറാണ്. സിനിമ തന്നെയാണ് അയാളുടെ ജീവിതം.’
പൊളിച്ചടുക്കി ജോണി ആന്റണി!
‘എന്നെ അദ്ഭുതപ്പെടുത്തിയ നടനാണ് ജോണി ആന്റണി – അഭിലാഷ് പറയുന്നു. ‘സ്ളാപ്സ്റ്റിക് ഹ്യൂമറിന്റെ എക്സ്ട്രീം ലെവലിലുള്ള ഒരു സിനിമ ചെയ്ത് സംവിധായകനായി തുടക്കം.
10 സിനിമകൾ ചെയ്തപ്പൊഴും സ്ളാപ്റ്റിക് കോമഡികളുടെ കൂടാരമായിരുന്നു അദ്ദേഹം. അഭിനയിക്കാനിറങ്ങിയപ്പോഴും സ്ളാപ്റ്റിക് ഹ്യൂമർ.
അങ്ങനെയുള്ള ഒരു നടൻ എന്റെ സിനിമയിൽ ഒരേസമയം തമാശക്കാരനും സീരിയസുമായ, അഭിനയസാധ്യത കൂടിയ ഒരു കഥാപാത്രത്തെ എങ്ങനെ ചെയ്യുമെന്ന് എനിക്കറിയില്ലായിരുന്നു.
പക്ഷേ, ആദ്യ ദിവസം മുതൽ തന്നെ അതൊക്കെ പൊളിച്ചടുക്കിയ പെർഫോമൻസ് ആയിരുന്നു. അതുവരെയുണ്ടായിരുന്ന അദ്ദേഹത്തിന്റെ അഭിനയരീതിയിൽ നിന്ന് അല്പം മിതത്വം വേണമെന്ന് ഞാൻ ആവശ്യപ്പെട്ടത് അതുപോലെ തന്നു. പല മാനറിസങ്ങളും ശ്രദ്ധാപൂർവം ചെയ്തു. ’
സ്നേഹ പാലിയേരി
തുടർച്ചയായി രണ്ടു വർഷം ഡബ്ബിംഗിനു സ്റ്റേറ്റ് അവാർഡ് നേടിയ സ്നേഹ പാലിയേരിയാണ് ഈ സിനിമയിലെ നായിക. അഭിലാഷ് പറയുന്നു- ‘സ്നേഹ അഭിനേത്രിയുമാണെന്നു മനസിലാക്കി.
വിഷ്ണുവിനു പറ്റിയ ജോഡിയാണെന്നു തോന്നി. അങ്ങനെ വിളിച്ചു. വളരെ രസമായി വിഷ്ണുവിന്റെ പെയറെന്നു തോന്നുന്ന രീതിയിൽത്തന്നെ അവർ അതു ചെയ്തു.
ഇതിലെ അഭിനേത്രികൾ …എല്ലാവരും തന്നെ എന്നെ വിസ്മയിപ്പിച്ചവരാണ്. ജോണി ആന്റണിയുടെ ഭാര്യവേഷത്തിൽ അഭിനയിക്കുന്ന രമ്യ സുരേഷ്, എത്രയോകാലത്തെ നാടകപാരന്പര്യവുമായി സിനിമയിലെത്തിയ ഭാനുമതി പയ്യന്നൂർ, ഒട്ടേറെ സിനിമകളിലുള്ള ശ്രീജ ദാസ്, അദിതി…
ഇവരെല്ലാവരും അസാധ്യ കഴിവുകളുള്ള ആർട്ടിസ്റ്റുകളാണ്. മലയാള സിനിമ ഇവരിലൂടെയാവും സഞ്ചരിക്കുക.’
ജാഫർ ഇടുക്കി,കോട്ടയം രമേഷ്
‘ഈ സിനിമയിലെ ഒരു നടനും മുന്പു ചെയ്തിരുന്ന കഥാപാത്രങ്ങൾക്കു സമമായ കഥാപാത്രങ്ങളല്ല ഇതിൽ ചെയ്തിരിക്കുന്നത് ’- അഭിലാഷ് പറയുന്നു. ‘ജാഫർ ഇടുക്കി മറ്റൊരാൾക്കു പകരമായാണ് ഈ സിനിമയിലേക്കു വന്നത്.
പക്ഷേ, ഉർവശീശാപം ഉപകാരം എന്നതുപോലെ ആ കഥാപാത്രത്തിന് ജാഫർ ഇടുക്കിയല്ലാതെ മറ്റൊരാളുമില്ല എന്ന മട്ടിലായി പ്രകടനം! വർഷങ്ങളു ടെ നാടകപാരന്പര്യത്തിൽ നിന്നു സിനിമയിൽ വന്ന കോട്ടയം രമേഷേട്ടൻ ആ ശൈലിയിൽ നിന്നു മാറി തികച്ചും നാച്വറലായിട്ടാണ് ഇതിൽ അഭിനയിച്ചത്.
അദ്ദേഹം ഇനിയും മലയാള സിനിമയിൽ വന്പൻ കഥാപാത്രങ്ങൾ ചെയ്യാൻ സാധ്യതയുള്ള നടനാണ്. എന്തൊരു നടനാണ് ഇർഷാദിക്ക! സുധി കോപ്പ അസാധ്യ പെർഫോർമറാണ്.
ധർമജൻ ബോൾഗാട്ടിയെക്കൊണ്ട് ഹ്യൂമർ വേറെ ഒരു തലത്തിലാണു ചെയ്യിപ്പിച്ചത്. മുഹമ്മദ് എരവട്ടൂർ നാളത്തെ വലിയ പ്രതിഭയായിരിക്കും എന്നതിൽ തർക്കമില്ല.’
ശ്രീനാഥ് ശിവശങ്കരൻ
പാട്ടുകളൊരുക്കിയത് ശ്രീനാഥ് ശിവശങ്കരൻ. ഒരു കുട്ടനാടൻ ബ്ലോഗിലെ പാട്ടുകളോട് ഇഷ്ടംതോന്നി അഭിനനന്ദനമറിയിക്കാൻ വിളിച്ചപ്പോൾ തുടങ്ങിയ സൗഹൃദം. അഭിലാഷ് ഓർക്കുന്നു –
‘ ഒരുമിച്ച് വർക്ക് ചെയ്യണമെന്ന് അന്നു പറഞ്ഞിരുന്നു. സബാഷ് ചന്ദ്രബോസ് വന്നപ്പോൾ ശ്രീനാഥിനെ വിളിച്ചു. ഈ സിനിമയിൽ ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനം അതായിരുന്നു.
ഞാൻ ആഗ്രഹിച്ച അതേ കാര്യങ്ങൾ, അതേ ഇൻസ്ട്രുമെന്റ്സ്…. സംഗീതവും പശ്ചാത്തലസംഗീതവു മൊരുക്കാൻ എനിക്കൊപ്പം നിന്നു. ഇതിലെ കഥാപാത്രങ്ങളുടെയും കഥയുടെയും കാലത്തിന്റെയും നാടിന്റെയുമൊക്കെ പശ്ചാത്തലവും ഫീലും ഉൾക്കൊള്ളാൻ ശ്രീനാഥിനു സാധിച്ചു.’
സൂരജ് സന്തോഷും ഹരിത ബാലകൃഷ്ണനും പാടിയ ‘നീയെന്റെ കാമുകി അല്ലേടീ…’ എന്ന കാമുകിപ്പാട്ടിലൂടെ പാട്ടെഴുത്തിലും അഭിലാഷ് ഹരിശ്രീയെഴുതി.
‘പാട്ടെഴുത്ത് എനിക്ക് ഇഷ്ടമുള്ള, ആസ്വദിച്ചു ചെയ്യുന്ന ഒരു കാര്യമാണ്. അതുകൊണ്ടാണ് പാട്ടെഴുതിയത്; ഒരു പ്രത്യേക സാഹചര്യത്തിലാണ് എഴുതിയതെങ്കിലും. ഒന്നു രണ്ടു പാട്ടുകൾ കൂടി ഇറങ്ങാനുണ്ട്. അതു നെടുമങ്ങാടിന്റെ പാട്ടുകളാണ്.’
സജിത് പുരുഷൻ
പല സീനുകളും ഷൂട്ട് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നതു കോവിഡ് കാരണം വേറെ രീതിയിലേക്കു മാറ്റേണ്ടി വന്നതായി അഭിലാഷ്. ‘അതിനെയൊക്കെ സമർഥമായി മറികടക്കാൻ സഹായിച്ചത് കാമറാമാൻ സജിത് പുരുഷനാണ്.
സജിത് എനിക്കൊപ്പം ചേർന്നുനിന്നതുകൊണ്ടാണ് പാതിരാത്രിയും ഷൂട്ടിംഗ് നടത്തി നല്ല രീതിയിൽ പടം പൂർത്തിയാക്കാനായത്.’
ഇതു കൊമേഴ്സ്യലാണ്
‘ജോളിവുഡ് മൂവീസ് രൂപവത്കരിക്കുന്പോൾ ജോളി ലോനപ്പൻ സാർ ആഗ്രഹിച്ചതു വളരെനല്ല സിനിമകൾ ഉണ്ടാക്കുക എന്നതാണ്. അതിന്റെ സാക്ഷാത്കാരമാണ് ആളൊരുക്കവും സബാഷ് ചന്ദ്രബോസും.
ആളൊരുക്കം ഞങ്ങൾരണ്ടുപേർക്കും ദേശീയ അവാർഡ് നേടിത്തന്നു.ഇന്ദ്രൻസിനു സ്റ്റേറ്റ് അവാർഡും കിട്ടി. എങ്കിലും, കൊമേഴ്സ്യലായ ഒരു സിനിമ ചെയ്തു വിജയിപ്പിക്കുക എന്ന ആഗ്രഹം വന്നപ്പോൾ ആ ദൗത്യവും എന്നെ ഏല്പിക്കുകയാണു ചെയ്തത്. അതിൽ ഞാൻ അഭിമാനമുള്ളവനാണ്.’ – വി.സി. അഭിലാഷ് പറയുന്നു.