തൊണ്ണൂറുകളിലെ മോഹന്‍ലാലിനെ രൂപത്തിലും ഭാവത്തിലും പുനരവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ വ്യക്തിയാണ് മദന്‍ലാല്‍. ഒരു ചിത്രത്തില്‍ മോഹന്‍ലാലിന്റെ അപരനുമായി എത്തി മദന്‍ലാല്‍ എന്ന കുട്ടനാട്ടുകാരന്‍. ഇപ്പോഴും മോഹന്‍ലാലുമായി അദ്ദേഹത്തിന് രൂപ സാദൃശ്യമുണ്ടെങ്കിലും ഇനി അങ്ങനമെയൊരു പരീക്ഷണത്തിനില്ലെന്നാണ് മദന്‍ലാല്‍ പറയുന്നത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലേയ്ക്ക്…
‘ഇല്ല. ഇനി അങ്ങനെയൊരു വേഷത്തിലേക്ക് അഭിനയിക്കാനില്ല. ലക്ഷങ്ങള്‍ തരാമെന്ന് പറഞ്ഞാലും അഭിനയിക്കില്ല. അടുത്തിടെ ഗള്‍ഫില്‍ ഒരു ഷോയ്ക്ക് ലാലിന്റെ വേഷത്തില്‍ വരാമോ എന്ന് ചോദിച്ചു. പറഞ്ഞ പണം തരാമെന്നും പറഞ്ഞു. എന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഞാന്‍ പറഞ്ഞു. മോഹന്‍ലാല്‍ വലിയ നടനാണ്. ഞാന്‍ വെറും മദന്‍ലാല്‍ മാത്രമാണ്. എന്നെ വിട്ടേക്കൂ. പ്ലീസ്.” അതൊരു അപേക്ഷയായിരുന്നു. 1990ലാണ് സംവിധായകന്‍ വിനയന്റെ ആദ്യ ചിത്രം സൂപ്പര്‍സ്റ്റാര്‍ തിയേറ്ററിലെത്തിയത്. മോഹന്‍ലാല്‍ ചിത്രത്തിലേത് പോലെ മലയാളത്തിലെ വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ നിറഞ്ഞു നിന്നുവെങ്കിലും പ്രധാന ആകര്‍ഷണം സൂപ്പര്‍സ്റ്റാറിന്റെ രൂപസാദൃശ്യമുള്ള മദന്‍ലാല്‍ തന്നെയായിരുന്നു. ആ സിനിമ ഇറങ്ങിയതിനുശേഷം നിരവധി പഴി അദ്ദേഹം കേള്‍ക്കാനിടയായി. അതോടെ സിനിമാലോകത്തു നിന്ന് പെട്ടെന്നു തന്നെ പുറത്തിറങ്ങേണ്ടിയും വന്നു.
‘ആരോടും ചാന്‍സ് ചോദിച്ച് പോയിട്ടില്ല. എന്നെ സിനിമയില്‍ എത്തിച്ച വിനയേട്ടനോട് പോലും പിന്നീട് അവസരം ചോദിച്ചിട്ടില്ല. വിളിക്കുമ്പോള്‍ അതൊക്കെ ബുദ്ധിമുട്ടാകുമെന്ന് അറിയാവുന്നത് കൊണ്ടാണ്. സൂപ്പര്‍ സ്റ്റാര്‍ ഇറങ്ങി 27 വര്‍ഷം കഴിഞ്ഞ് അടുത്തിടെയാണ് വിനയേട്ടനെപ്പോലും വിളിച്ചത്. നീ മാത്രമേ ഇതുവരേയും എന്നെ വിളിക്കാതേയുള്ളൂ, എന്തുകൊണ്ട് ഇതുവരെയും വിളിച്ചില്ല എന്ന് വിനയേട്ടന്‍ ചോദിച്ചു. വിളിച്ചില്ല. അത്ര തന്നെ.” മദന്‍ലാല്‍ പറയുന്നു. സൂപ്പര്‍ സ്റ്റാര്‍ പുറത്തിറങ്ങിയ കാലത്ത് മോഹന്‍ലാലേത് മദന്‍ലാലേത് എന്ന് അമ്പരപ്പും ആശയക്കുഴപ്പവും കുറേക്കാലത്തേക്കെങ്കിലും പ്രേക്ഷകരില്‍ നിലനിര്‍ത്താനായത് ഈ ചിത്രത്തിന്റെ വിജയം തന്നെയായിരുന്നു. ഒരിക്കല്‍ ആലപ്പുഴയിലെത്തിയ മോഹന്‍ലാലിനെ ആരാധകര്‍ പൊതിഞ്ഞതും എന്നാല്‍ അത് മദന്‍ലാലാണെന്ന് ശ്രുതി പരന്നതിനെത്തുടര്‍ന്ന് പെട്ടെന്ന് വിട്ടയച്ചതും ചരിത്രം. അതുപോലെ തന്നെ തിരിച്ചുമുണ്ടായിട്ടുണ്ട്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായതിനാല്‍ അദ്ദേഹത്തെപ്പോലെയായതാണെന്നും അല്ല, മോഹന്‍ലാലിന്്് പകരക്കാരനായി എത്തിയതാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുകയുണ്ടായി. ഏതായാലും തെറ്റിദ്ധരിക്കപ്പെട്ട സ്ഥിതിക്ക് ഇനി സിനിമാ മേഖലയില്‍ തുടരുന്നില്ലെന്നാണ് മദന്‍ലാല്‍ തീരുമാനിച്ചിരിക്കുന്നത്.