തലശേരി: മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പിഡിപി നേതാവ് അബ്ദുൾനാസർ മഅദനി കനത്ത സുരക്ഷയിൽ തലശേരിയിലെത്തി. ഇന്നു രാവിലെ 7.30ഓടെ റെയിൽവേ സ്റ്റേഷനിലെത്തിയ മഅദനിയെ പാർട്ടി പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. കർണാടക പോലീസിലെ 17 അംഗ സംഘമാണ് മഅദനിക്ക് സുരക്ഷ ഒരുക്കുന്നത്.
മഅദനിയുടെ സമീപത്തേക്ക് പാർട്ടി പ്രവർത്തകരെ പോലും കടത്തിവിടാത്ത രീതിയിലാണ് സുരക്ഷ. കൂടാതെ റെയിൽവേ സ്റ്റേഷനിലും വിവാഹം നടക്കുന്ന ടൗൺ ഹാളിലും തലശേരി ഡിവൈഎസ്പി പ്രിൻസ് എബ്രഹാമിന്റെ മേൽനോട്ടത്തിൽ മൂന്ന് സിഐ മാരുടെ മേൽനോട്ടത്തിൽ സുരക്ഷ ഒരുക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലെത്തിയ മഅദനിയെ പിഡിപി സംസ്ഥാന വർക്കിംഗ് ചെയർമാൻ പൂന്തുറ സിറാജ്, പിഡിപി നേതാക്കളായ സുബൈർ സബാഹി, നിസാർ മേത്തർ, കെ.ഇ. അബ്ദുള്ള, ഇബ്രാഹിം തിരൂരങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഉച്ചയ്ക്ക് 12 ഓടെ വിവാഹ ചടങ്ങിനായി ടൗൺ ഹാളിലെത്തിയ മഅദനി ചടങ്ങിനു മുന്പ് പങ്കെടുക്കാനെത്തിയവരോട് സംസാരിക്കുകയും ചെയ്തു. നീതിയുടെയും മനുഷ്യത്വത്തിന്റേയും പ്രകാശം പ്രതീക്ഷിക്കേണ്ട കേന്ദ്രങ്ങളിൽനിന്ന് പലപ്പോഴും വെളിച്ചത്തിനു പകരം കരിന്തിരി കത്തുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നതെന്ന് അബ്ദുൾനാസർ മഅദനി പറഞ്ഞു. പ്രകാശ പൂരിതമായി സുപ്രീം കോടതി ഇടപെട്ടതു കൊണ്ടുമാത്രമാണ് തനിക്ക് മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചത്. ഇതിനുവേണ്ടി പ്രവർത്തിച്ച സംസ്ഥാന സർക്കാർ, പ്രതിപക്ഷ കക്ഷികൾ, മതസാമൂഹികസംഘടനാ നേതാക്കൾ, പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെനിന്ന ജനങ്ങൾ എന്നിവരോട് നന്ദി പറയുന്നുവെന്ന് പറഞ്ഞ മഅദനി ചരിത്രത്തിലാദ്യമായി ജിഎസ്ടി അടച്ച് മകന്റെ വിവാഹത്തിൽ പങ്കെടുത്ത പിതാവ് താനാണെന്നും പറഞ്ഞു. 12.10 ഓടെയാണ് വിവാഹ ചടങ്ങുകൾ തുടങ്ങിയത്.
സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, പിഡിപി സീനിയർ വൈസ് ചെയർമാൻ സ്വാമി വർക്കല രാജ്, സംസ്ഥാന സെക്രട്ടറിമാരായ മൈലക്കാട് ഷാ, മുഹമ്മദ് റജീബ്, സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി, പി ടി എ റഹിം എം എൽ എ, മുൻ മന്ത്രി നീലലോഹിതദാസ് നാടാർ, സമസ്ത സംസ്ഥാന പ്രസിഡന്റ് ജിഫ്രി തങ്ങൾ, ഇ.പി. ജയരാജൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ എന്നിവർ വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
മഅദനിയുടെ മകൻ ഉമ്മർ മുഖ്താറാണു വിവാഹിതനാകുന്നത്. പിഡിപി പ്രവാസി സംഘടനയുടെ അബുദാബി ശാഖാ പ്രസിഡന്റും അവിടെ സ്കൂളിൽ അസി. മാനേജരുമായ അഴിയൂരിലെ ഇല്യാസ് പുത്തൻപുരയിലിന്റെ മകൾ നിഹമത്ത് ഫെബിൻ ആണു വധു.