കൊല്ലം: നാട്ടിലെത്തിയ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി നാളെ ബംഗളൂരുവിലേക്ക് തിരിക്കുമെന്ന് പാർട്ടി ഉപാധ്യക്ഷൻ പൂന്തുറ സിറാജ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഗുരുതരാവസ്ഥയിൽ കഴിയുന്ന മാതാവിനെ കാണാൻ ബാംഗ്ലൂർ എൻഐഎ കോടതി ഇക്കഴിഞ്ഞ മൂന്നു മുതൽ പതിനൊന്നു വരെയാണ് സന്ദർശനാനുമതി നൽകിയിരുന്നത്.
എന്നാൽ കർണാടകയിൽ തിരഞ്ഞെടുപ്പ് സമയമായതിനാൽ നേരത്തെ തിരികെ എത്തണമെന്ന് ബംഗളൂരു പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് മദനി തിരികെ പോവുന്നത്. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് അൻവാർശേരിയിൽ നടക്കുന്ന പ്രത്യേക പ്രാർഥനകൾക്ക് ശേഷം റോഡ് മാർഗം നെടുന്പാശേരി വിമാനത്താവളത്തിലെത്തും.
രാത്രി പത്തിന് ശേഷമുള്ള എയർ ഏഷ്യാ വിമാനത്തിൽ ബാംഗ്ലൂരിലേക്ക് തിരിക്കുമെന്നും സിറാജ് അറിയിച്ചു. സുപ്രീം കോടതി ജാമ്യത്തിൽ കഴിയുന്ന മദനിക്ക് സാമൂഹിക നീതി നൽകണമെന്നും ബാംഗ്ലൂർ സ്ഫോടന കേസിൽ എത്രയും വേഗം വിധി ഉണ്ടാവണമെന്നാണ് തങ്ങളുടെ പ്രധാന ആവശ്യമെന്നും സിറാജ് പറഞ്ഞു.
പാർട്ടിയുടെ സംസ്ഥാന പ്രത്യേക പ്രതിനിധി സമ്മേളനവും രാജ്യരക്ഷാ ക്യാന്പിന്റെ സമാപന പരിപാടിയും 10ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുമെന്നും സിറാജ് അറിയിച്ചു.