കുറവിലങ്ങാട്: കെഎസ്ആർടിസി റിട്ട. ഡ്രൈവർ സ്വകാര്യ ബസിൽനിന്ന് വീണു പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ നിയമനടപടികളെല്ലാം ശരിയെന്ന് പോലീസ്. എന്നാൽ പോലീസ് നിലപാടുകളിൽ ദുരൂഹതയെന്ന് ആക്ഷേപവും ശക്തമാകുന്നു. കഴിഞ്ഞ ഇരുപതിനാണ് കളത്തൂർ കുഴികണ്ടത്തിൽ കെ. ആർ മാധവൻനായർ പിറവം-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്ന് വീണ് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതുസംബന്ധിച്ച് പോലീസ് നടപടികളുണ്ടാകാതിരുന്നതിനാൽ മാധവൻ നായരുടെ മരുമകൻ സ്റ്റേഷനിൽ നേരിട്ടെത്തി വിവരം ധരിപ്പിച്ചു. ഇന്റിമേഷൻ എത്താതെ നടപടിയില്ലെന്ന മറുപടിയാണ് പ്രസാദിന് ലഭിച്ചത്. സ്റ്റേഷനിലെ എഎസ്ഐമാരിലൊരാളെയാണ് വിവരം ധരിപ്പിച്ചതെന്നും ഇദ്ദേഹം മരിച്ച മാധവൻനായരുടെ ബന്ധുവാണെന്നും പറയുന്നു. വിവരം ധരിപ്പിച്ചയാളെ വ്യക്തമാണെങ്കിലും സ്റ്റേഷനിൽ വിവരമറിയിച്ചില്ലെന്നാണ് പോലീസിന്റെ നിലപാട്.
ഇതിനിടെ സംഭവം സംബന്ധിച്ച് പോലീസ് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിനിടെ സ്റ്റേഷനിലെത്തി വിവരം പറഞ്ഞതായി അറിയിക്കരുതെന്ന് നിർദ്ദേശമുണ്ടായതായും പ്രസാദ് വ്യക്തമാക്കുന്നുണ്ട്. ഇന്റിമേഷൻ എത്തിയില്ലെന്ന പേരിൽ മാധവൻനായരുടെ മൊഴി രേഖപ്പെടുത്താൻ പോലീസിന് കഴിയാതെ വന്നു. മരുമകൻ നൽകിയ വിവരമനുസരിച്ച് പോലീസ് നടപടി നടത്തിയിരുന്നുവെങ്കിൽ മാധവൻനായരുടെ മൊഴി രേഖപ്പെടുത്താനുള്ള സാഹചര്യം ലഭിക്കുമായിരുന്നു.
ഇതിനിടെ അപകടത്തിനിടയാക്കിയ ബസിലെ യാത്രക്കാരെ കണ്ടെത്താനുള്ള സാധ്യതകളും കുറഞ്ഞു. അപകടത്തിനിടയാക്കിയ ബസിലെ ഡ്രൈവർക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചതായി പറയുന്നുണ്ട്. ബസിലെ മറ്റ് ജീവനക്കാരുടെ പങ്കിനെ കുറിച്ച് പരാമർശങ്ങളുണ്ടായിട്ടില്ല. അപകടമുണ്ടായാൽ വിവരം അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നിരിക്കെ ഇക്കാര്യത്തിൽ ബസ് ജീവനക്കാർ വീഴ്ചവരുത്തിയതായും പറയുന്നുണ്ട്.
ഇതിലുപരി ഡോർ തുറന്ന് കെട്ടിവെച്ച് നടത്തിയ യാത്രയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പറയുന്നുണ്ട്. പത്ത് ദിവസത്തെ ഇടവേളയിൽ ഡോറിൽ മാറ്റങ്ങൾ വരുത്താനുള്ള അവസരവും ബസ് ജീവനക്കാർക്ക് ലഭിക്കാൻ പോലീസിന്റെ കാത്തിരിപ്പ് ഇടയാക്കി. അപകടവിവരം സംബന്ധിച്ച് സ്റ്റേഷനിൽ മാധ്യമങ്ങൾ അന്വേഷിച്ചാൽ വിവരം നൽകാൻ കൂട്ടാക്കാത്തത് പോലീസിന് വീഴ്ചയുണ്ടായതിനാലാണെന്ന് വിലയിരുത്തലുണ്ട്.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചിരുന്നുവെന്നും എസ്ഐയെ അപകടവിവരം ധരിപ്പിച്ചിരുന്നില്ലെന്നും ബന്ധുക്കളുടെ മൊഴിയെടുത്ത് കേസ് അന്വേഷിക്കുന്നതായും ബസ് കോടതിയിൽ നൽകാൻ നിർദ്ദേശിച്ചുവെന്നും വൈക്കം ഡിവൈഎസ്പി പറഞ്ഞു.