കൊയിലാണ്ടി: കൊയിലാണ്ടിയുടെ “പത്രമുതലാളി’ അണേലകുനി മാധവൻ നായർ (95)യുടെ വിയോഗം നാടിനെ ആകെ ദുഃഖത്തിലാഴ്ത്തി. ശാരീരിക അവശതയെ തുടർന്ന് അണേലയിലെ വസതിയിലായിരുന്നു അന്ത്യം.
ഏഴ് പതിറ്റാണ്ട് കൊയിലാണ്ടിയിൽ പത്രവിതരണം നടത്തി കൊയിലാണ്ടിയെ അടയാളപ്പെടുത്തിയ വ്യക്തിയായിരുന്നു.20-ാം വയസിൽ കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും പത്രവിതരണം ആരംഭിച്ച മാധവൻ നായർ കൊയിലാണ്ടിയുടെ പത്ര അടയാളമായിരുന്നു.
അണേലയിൽ നിന്നും പുലർച്ചെ നാലോടെ നടന്ന് കൊയിലാണ്ടിയിലെത്തിയാണ് പത്രവിതരണം നടത്തിയിരുന്നത്. മാധവൻ നായരുടെ കൈയിൽ നിന്നും പത്രം വാങ്ങി വായിക്കുന്ന നിരവധി പ്രമുഖരും ഉണ്ടായിരുന്നു.
മുൻനിര പത്രങ്ങളടക്കം നിരവധി പത്രങ്ങളുടെ ഏജന്റായിരുന്നു പിന്നീട് ദീപികയുടെയും രാഷ്ട്രദീപികയുടെയും ഏജന്റായി. 90-ാം വയസിൽ നിരവധി സംഘടനകൾ മാധവൻ നായരെ ആദരിച്ചിരുന്നു.
ശാരീരിക അവശതയെ തുടർന്ന് പത്രവിതരണം നിർത്തുന്നത് വരെ ദീപികയുടെ ഏജന്റായിരുന്നു. മാധവൻ നായരുടെ നിര്യാണത്തിൽ കാനത്തിൽ ജമീലഎംഎൽഎ, മുൻ എംഎൽഎ.മാരായ കെ.ദാസൻ, പി.വിശ്വൻ, നഗരസഭാ ചെയർപേഴ്സൺ കെ.സുധ, രാഷ്ട്രീയ പാർട്ടി നേതാക്കളായ യു.രാജീവൻ, വയനാരി വിനോദ്, ഇ.കെ.അജിത്, നഗരസഭാ വൈ.ചെയർമാൻ കെ.സത്യൻ, ഇ.എസ്.രാജൻ തുടങ്ങിയവർ അനുശോചിച്ചു.