പൊയിനാച്ചി (കാസർഗോഡ്): കാട്ടുപന്നിയെ കൊല്ലാൻ വച്ച തോക്കുകെണിയിൽനിന്നു വെടിയേറ്റ് സിപിഐ നേതാവ് മരിച്ചു.
സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയംഗം കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം. മാധവൻ നമ്പ്യാർ (65) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ വീട്ടിൽനിന്ന് 200 മീറ്റർ അകലെയുള്ള തോട്ടത്തിൽ ചക്ക പറിക്കാൻ പോയതായിരുന്നു മാധവൻ നമ്പ്യാർ. കാട്ടുപന്നിയെ ലക്ഷ്യമാക്കി ഇവിടെ ആരോ വച്ചിരുന്ന തോക്കിൽനിന്നാണ് അബദ്ധത്തിൽ വെടിയുതിർന്നത്.
തോക്കിന്റെ കാഞ്ചിയിൽ ചരടുകെട്ടിയാണ് കെണിയൊരുക്കുന്നത്. ചരടിൽ തട്ടിയാൽ വെടിയുതിരുന്ന രീതിയിലാണ് കെണി. ചക്ക പറിക്കുന്നതിനിടയിൽ മാധവൻ നമ്പ്യാർ കെണിയിൽ തട്ടിയിരിക്കാമെന്നാണ് കരുതുന്നത്.
വെടിയൊച്ച ദൂരെവരെ കേട്ടിരുന്നു. അപകടത്തിനുശേഷം ഇദ്ദേഹം ഭാര്യയെ ഫോണിൽ വിളിച്ച് സംഭവം പറഞ്ഞു. ആളുകൾ ഓടിയെത്തി കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
പിന്നീട് മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയിലേക്കു മാറ്റി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കാൽമുട്ടിൽ തോക്കിന്റെ പെല്ലറ്റ് കുടുങ്ങിയിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ചികിത്സയ്ക്കിടെ ഇന്നലെ പുലർച്ചെയാണു മരിച്ചത്. ഒരാഴ്ച മുമ്പ് സംഭവസ്ഥലത്ത് പന്നിക്കു തോക്കുകെണി വച്ചിട്ടുണ്ടെന്ന് ഒരാൾ വിളിച്ചുപറഞ്ഞുവെന്നും ഇത് ആവർത്തിക്കരുതെന്ന് താക്കീത് ചെയ്തിരുന്നെന്നും മാധവൻ നമ്പ്യാർ മൊഴി നൽകി.
സംഭവത്തിൽ പന്നിക്കെണി ഒരുക്കിയ പനയാലിലെ ശ്രീഹരിക്കെതിരേ ബേക്കൽ പോലീസ് കേസെടുത്തു. കെ. നിർമലയാണ് മാധവൻ നമ്പ്യാരുടെ ഭാര്യ. മക്കൾ: നിത്യ, നിതിൻ.
മരുമകൻ: ദിലീപ് (കരിവേടകം). സഹോദരങ്ങൾ: ലളിത, ഓമന, ഗംഗ, പ്രഭാകരൻ നമ്പ്യാർ (റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ).