ഒരാളുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കാന്‍ സോഷ്യല്‍മീിഡയയിക്ക് സാധിക്കും എന്നതിന് പുതിയ തെളിവാകുകയാണ് മാധവേട്ടന്‍ എന്ന് ആളുകള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഹോംഗാര്‍ഡിന്റെ ജീവിതത്തില്‍ അടുത്തിടെ സംഭവിച്ച ചില കാര്യങ്ങള്‍. ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ നഗരത്തിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കള്‍ പരസ്യമായി അപമാനിച്ചതിനെ തുടര്‍ന്ന് രാജി വച്ച ഈ ഹോം ഗാര്‍ഡിനു പിന്തുണയുമായി സൈബര്‍ ലോകത്തിനകത്തും പുറത്തും ഉള്ളവര്‍ ഒന്നിച്ചിരുന്നു. അറുപതു വയസിനുമേല്‍ പ്രായമുള്ള ഇദ്ദേഹം കഴിഞ്ഞ എട്ടു വര്‍ഷമായി കണ്ണൂര്‍ ജില്ലയില്‍ ഹോം ഗാര്‍ഡ് ആയി ജോലി ചെയ്യുകയായിരുന്നു.
തന്റെ ഇത്രയും നാളത്തെ സര്‍വീസിനുള്ളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു അവഹേളനം നേരിടേണ്ടി വന്നത്. ആ സന്ദര്‍ഭത്തില്‍ പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നു രാജി വെയ്ക്കുക എന്നത്. എന്തിനു ഇങ്ങനെ ആവശ്യമില്ലാതെ പഴികേള്‍ക്കണം എന്നതായിരുന്നു മാധവേട്ടന്റെ മനസ്സില്‍. ആദ്യം പരാതി നല്‍കി, ആ പരാതിക്ക് ഫലം ഒന്നും ഇല്ലാതെ വന്നപ്പോഴാണ് രാജി വച്ചത്. അടുത്ത ദിവസം തന്നെ മാധവേട്ടന്‍ ഡ്യൂട്ടിയില്‍ നിന്നും മാറുകയും ചെയ്തു. മാധവേട്ടനെ അറിയാവുന്ന, അദ്ദേഹത്തിന്റെ കഴിവിനെ അറിയാവുന്ന നാട്ടുകാര്‍ക്ക് അത് സഹിക്കാനായില്ല. മഴയും വെയിലും വകവയ്ക്കാതെ, അറുപതിന്റെ നിറവിലും തന്റെ ഡ്യൂട്ടി കൃത്യമായി ചെയ്യുന്ന മാധവേട്ടനോട് പോലീസ് മേധാവികളും നിയമവും നീതി പുലര്‍ത്തണം എന്ന് സോഷ്യല്‍ മീഡിയയും നാട്ടുകാരും ശക്തമായി ആവശ്യപ്പെട്ടു.
ഒരു റോബോട്ടിനെ പോലെ, ഒരു നിമിഷം പോലും ഒരിടത്ത് അടങ്ങി നില്‍ക്കാതെ ഓടിനടന്ന് ജോലി ചെയ്യുന്ന മാധവേട്ടന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം, സംഭവത്തിന്മേല്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട്, സ്റ്റേഷന്റെ ചുമതലയുള്ള എസ് ഐ മാധവേട്ടനോട് ജോലിയില്‍ തിരികെ കയറാന്‍ ആവശ്യപ്പെട്ടു. എല്ലാവരും ഒന്നുചേര്‍ന്ന് ആവശ്യപ്പെട്ടപ്പോള്‍ മാധവേട്ടന്‍ അനുസരിക്കുകയും ചെയ്തു. ‘പ്രശ്‌നങ്ങള്‍ എല്ലാം പറഞ്ഞു തീര്‍ത്തു. കൂടുതല്‍ സന്തോഷത്തോടും ഉത്തരവാദിത്വത്തോടുമാണ് ഇപ്പോള്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. കൂട്ട് നിന്ന എല്ലാവര്‍ക്കും ഒരുപാടു നന്ദി. ഫെയ്‌സ്ബുക്കില്‍ ഉള്ളവരൊക്കെ എനിക്ക് വേണ്ടി എഴുതിയെന്ന് ആള്‍ക്കാര്‍ പറയുന്നു. എന്നാല്‍ എനിക്ക് ഫെയ്‌സ്ബുക് ഒന്നും അറിയാത്തതിനാല്‍ അക്കാര്യങ്ങള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. എന്നിരുന്നാലും നേരിട്ടറിയാതെ തന്നെ എന്നെ പിന്തുണച്ചവര്‍ക്ക് നന്ദി’. മാധവേട്ടന്‍ പറയുന്നു.