പിറവം: ഭീതിയില്ലാതെ മാധവിക്ക് ഇനിയുറങ്ങാം. കയറിക്കിടക്കാനൊരു വീടുണ്ടെങ്കിലും അടച്ചുറപ്പില്ലാത്തതിനാൽ ഭീതിയോടെയാണ് കളന്പൂർ ഞാവാട്ട് വീട്ടിൽ മാധവി കഴിഞ്ഞിരുന്നത്. വാർഡ് കൗൺസിലർ ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് വീട് നവീകരിച്ചതോടെ 79-കാരിയായ മാധവിയുടെ വലിയൊരു ആഗ്രഹമാണ് സഫലമായത്.
ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് പൂർത്തീകരിച്ച് പത്ത് വീടുകളുടെ ഉദ്ഘാടനം ജോസ് കെ. മാണി എംപിയാണ് നിർവഹിച്ചത്. ചടങ്ങിനെത്തിയ ജോസ് കെ. മാണിക്കും ജിൽസ് പെരിയപ്പുറത്തിനും വീടിന്റെ ഉമ്മറത്തിരുത്തി കപ്പയും ചമ്മന്തിയും കഴിപ്പിച്ചാണ് യാത്രയാക്കിയത്. ഭർത്താവ് വർഷങ്ങൾക്ക് മുന്‍പ് മരിച്ചുപോയിരുന്നു. മക്കളുമില്ലാതെ ജീവിക്കുന്ന മാധവിയുടെ ഏക വരുമാനമാർഗം വാർധക്യകാല പെൻഷനാണ്.
ഇട്ട്യാർമലയിൽ മധുരംചേരിൽ ചന്ദ്രൻ 17 വർഷം മുന്‍പാണ് വീട് നിർമിച്ചത്. പഞ്ചായത്തിന്റെ ഭവനപദ്ധതിയിലൂടെ നിർമിച്ച വീടിന് ജനലുകളും വാതിലുകളും പോലും വെയ്ക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ ജനലുകളും, വാതിലുകളുമെല്ലാം വെച്ച് ഭിത്തികളും, തറയുമെല്ലാം തേപ്പ് നടത്തി ഭംഗിയുള്ള വീടായി മാറിയിരിക്കുകയാണ്.
കളന്പൂരിൽ നിർമാണം പൂർത്തീകരിച്ച കണിയാംപറന്പിൽ ചന്ദ്രന്റെ വീടിന് സമീപം നടന്ന ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബ മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത ചെണ്ടമേള വിദ്വാൻ പാഴൂർ ഉണ്ണി ചന്ദ്രനെ ജോസ് കെ.മാണി പൊന്നാടയണിയിച്ച് ആദരിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. പി. സലിം, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സിജി സുകുമാരൻ, കൗണ്‍സിലർമാരായ ബെന്നി വി. വർഗീസ്, സിനി സൈമണ്‍, ഷൈബി രാജു, റീജ ഷാജു, സുനിത വിമൽ, ഷിജി ഗോപകുമാർ, ഫോമ എക്സിക്യുട്ടീവ് അംഗം സഖറിയ കുര്യൻ, പാലച്ചുവട് ക്ഷീരോത്പ്പാദക സംഘം പ്രസിഡന്റ് അഡ്വ. കെ.ആർ. ചന്ദ്രശേഖരൻ, സിപിഎം ലോക്കൽ സെക്രട്ടറി കെ.ആർ. നാരായണൻ നന്പൂതിരി, ബിജെപി മണ്ഡലം പ്രസിഡന്റ് ശശി മാധവൻ, ടി.കെ. പ്രസാദ്, എം.ടി. പൗലോസ്, ഏലിയാസ് ഈനാകുളം, ജോമോൻ വർഗീസ്, വിപിൻ ജോസഫ് പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. ഭവന പദ്ധതിയുടെ ആദ്യഘട്ടത്തിൽ പത്തു വീടുകൾ പൂർത്തിയാക്കിരിക്കുന്നത്.
ഇവിടെയുൾപ്പടെ സമീപ വാർഡുകളിലുമായി നൂറോളം വീടുകളുടെ നവീകരണ പ്രവർത്തനമാണ് നടത്തുന്നത്. ഇതുകൂടാതെ 12 വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്.